ന്യൂഡൽഹി: എൽപിജിയുമായി യാത്രതിരിച്ച ഇന്ത്യൻ കപ്പൽ സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് കടന്നു. 40,000 മെട്രിക് ടണ്ണിലധികം എൽപിജി വഹിച്ചുള്ള കപ്പലാണ് ഹോർമുസ് കടന്നത്. യാതൊരു പ്രശ്‌നങ്ങളുമില്ലാതെ കപ്പൽ സുഗമമായി ഹോർമുസ് കടലിടുക്ക് കടന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
എൽപിജി വഹിച്ചുള്ള മറ്റൊരു കപ്പലും ഉടൻ ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്ക് എത്തുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.ശിവാലിക് എന്ന കപ്പലാണ് ഇന്ധനവും വഹിച്ചു കടന്നു വന്നത്. സുരക്ഷയ്‌ക്കായി ഇന്ത്യൻ നാവിക സേനയും അകമ്പടിയായുണ്ട്.
ഇന്ത്യ-ഇറാൻ നയതന്ത്ര ചർച്ചകൾക്ക് പിന്നാലെയാണ് ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് കടക്കാനാകുന്നത്. ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് ഇറാൻ സുരക്ഷിതമായ പാതയൊരുക്കുമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലിയും നേരത്തേ വ്യക്തമാക്കിയിരുന്നു.
















