മലപ്പുറം : തിരൂർ റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. ട്രോളി ബാഗിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന എട്ടു കിലോ 440 ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി ഫസ്റുൽ അഹമ്മദ് (37) ആണ് പിടിയിലായത്. വ്യാഴാഴ്ച രാവിലെ റെയിൽവേ പ്ലാറ്റ്‌ഫോമിൽ വെച്ചാണ് ഇയാളെ ഉദ്യോഗസ്ഥർ വലയിലാക്കിയത്. ബംഗാളിൽ നിന്നും ട്രെയിൻ മാർഗ്ഗം എത്തിച്ച ഈ കഞ്ചാവ് തിരൂർ കേന്ദ്രീകരിച്ച് വിൽപന നടത്താനായിരുന്നു പ്രതി ലക്ഷ്യമിട്ടിരുന്നത്.
മുമ്പ് എറണാകുളം ഭാഗങ്ങളിലും ഇത്തരത്തിൽ ബംഗാളിൽ നിന്ന് കഞ്ചാവ് എത്തിച്ച് വിൽപന നടത്തിയിരുന്നതായി പ്രതി പ്രാഥമിക ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ലഹരിക്കടത്ത് സംഘത്തിലെ കൂടുതൽ കണ്ണികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ലഹരിക്കടത്ത് വർധിക്കുന്ന സാഹചര്യത്തിൽ പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ് ഉദ്യോഗസ്ഥർ.
അറസ്റ്റിലായ ഫസ്റുൽ അഹമ്മദിനെ ആർ.പി.എഫ് തുടർ നടപടികൾക്കായി എക്സൈസിന് കൈമാറി. വരും ദിവസങ്ങളിലും ട്രെയിനുകളിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും കർശനമായ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
















