ന്യൂദല്‍ഹി: രാജ്യത്തെ ഏതെങ്കിലും റീട്ടെയില്‍ ഔട്ട്ലെറ്റിലോ വിതരണ ശൃംഖലയിലോ എല്‍പിജി വിതരണം തടസപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ദൗര്‍ലഭ്യം ഭയന്ന് പരിഭ്രാന്തിയോടെ അനാവശ്യമായി ബുക്കു ചെയ്യാന്‍ ശ്രമിക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. വിതരണം ഉറപ്പാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്.
നിലവില്‍ നഗരപ്രദേശങ്ങളില്‍ എല്‍പിജി സിലിണ്ടറുകളുടെ ഏറ്റവും കുറഞ്ഞ ബുക്കിംഗ് സമയം 25 ദിവസവും ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസവും ആയി നിജപ്പെടുത്തിയിട്ടുണ്ട്.
‘ഒരു റീട്ടെയില്‍ ഔട്ട്ലെറ്റിലും വിതരണം മുടങ്ങിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ ഗാര്‍ഹികേതര മേഖലകളിലേക്കുള്ള എല്‍പിജി വിതരണത്തിന് മുന്‍ഗണന നല്‍കിയിട്ടുണ്ട്, പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മ പറഞ്ഞു.
















