ആലുവ : എറണാകുളം റൂറൽ ജില്ലയിൽ നടത്തിയ ഏകദിന സ്പെഷ്യൽ ഡ്രൈവിൽ ജാമ്യമില്ലാ കുറ്റങ്ങളിൽ ഏർപ്പെട്ട് കോടതിയിൽ ഹാജരാകാതെ ഒളിവിൽക്കഴിഞ്ഞ 73 പേരെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. പുത്തൻകുരിശ് സബ് ഡിവിഷനിലാണ് കൂടുതൽ പേരെ അറസ്റ്റ് ചെയ്തത്, 23.
മുനമ്പം സബ് ഡിവിഷനിൽ 21 പേരെയും, ആലുവയിൽ 20 പേരെയും അറസ്റ്റ് ചെയ്തു. ലോംഗ് പെൻ്റിംഗ് വാറൻ്റുമായി ബന്ധപ്പെട്ട് 20 പേരെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിനിടയിൽ ഒളിവിൽപ്പോയ 4 പേർ പിടിയിലായി. ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് 567 പേർക്കെതിരെ നടപടി സ്വീകരിച്ചു. മയക്കുമരുന്നുമായി ബന്ധപ്പെട്ട് 34 പേർ പിടിയിലായി. പെരുമ്പാവൂർ സബ് ഡിവിഷനിലാണ് കൂടുതൽ 14.
പൊതു സ്ഥലത്ത് മദ്യപാനം, അനധികൃതമായി മദ്യം കൈവശം വയ്‌ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ഏർപ്പെട്ട 91 പേരെ കസ്റ്റഡിയിലെടുത്തു. മുനമ്പം സബ്ഡിവിഷനിലാണ് കൂടുതൽ 28. നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റ 59 പേർക്ക് പിടി വീണു. സ്ഥിരം കുറ്റവാളികൾ, ജയിലിൽ നിന്നും ഇറങ്ങിയവർ, ജാമ്യം ലഭിച്ചവർ എന്നിവരുടെയും തൽസ്ഥിതി പരിശോധിച്ചു.
റയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, പാർക്കിംഗ് ഏരിയ, പൊതുസ്ഥലങ്ങൾ, ലോഡ്ജുകൾ എന്നിവിടങ്ങളിൽ പരിശോധന ഉണ്ടായിരുന്നു. റേഞ്ച് ഡി ഐ ജി ഡോ.അരുൾ ആർ.ബി കൃഷ്ണയുടെ നിർദ്ദേശപ്രകാരമായിരുന്നു സ്പെഷൽ ഡ്രൈവ്. വരും ദിവസങ്ങളിലും പരിശോധന നടക്കും.
















