പൂനെ: അണ്ടര്‍ 23 വനിതാ ഏകദിന ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് വീണ്ടും തോല്‍വി. ഉത്തര്‍പ്രദേശ് പത്ത് വിക്കറ്റിനാണ് കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 46.4 ഓവറില്‍ 140 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തര്‍പ്രദേശ് 26 ഓവറില്‍ ലക്ഷ്യത്തിലെത്തി. ടൂര്‍ണ്ണമെന്റില്‍ കേരളത്തിന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്.
കേരളം 46.4 ഓവറില്‍ 140ന് ഓള്‍ഔട്ട്, ഉത്തര്‍പ്രദേശ് 26 ഓവറില്‍ 141/0
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താന്‍ കഴിയാതെ പോയതാണ് തിരിച്ചടിയായത്. മുന്‍നിര ബാറ്റര്‍മാരില്‍ 23 റണ്‍സെടുത്ത ദിയ ഗിരീഷ് മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ ഒരു ഘട്ടത്തില്‍ ആറ് വിക്കറ്റിന് 70 റണ്‍സെന്ന നിലയിലായിരുന്നു കേരളം. ഏഴാം വിക്കറ്റില്‍ അലീന എം.പിയും മനസ്വിയും ചേര്‍ന്നുള്ള 51 റണ്‍സിന്റെ കൂട്ടുകെട്ടാണ് കേരളത്തിന്റെ സ്‌കോര്‍ 140-ല്‍ എത്തിച്ചത്. അലീന 33-ഉം മനസ്വി 18-ഉം റണ്‍സെടുത്തു. ഉത്തര്‍പ്രദേശിന് വേണ്ടി ഭൂമി സിങ് മൂന്ന് വിക്കറ്റും സോനം യാദവും സന്ധ്യ ഛേത്രിയും രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഉത്തര്‍പ്രദേശിന് വേണ്ടി ഓപ്പണര്‍മാരായ തൃപ്തി സിങ്ങും ബബിത യാദവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തുടക്കം മുതല്‍ കേരള ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ച ഇരുവരും ചേര്‍ന്ന് 26 ഓവറില്‍ ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. തൃപ്തി സിങ് 70ഉം ബബിത യാദവ് 59ഉം റണ്‍സ് നേടി പുറത്താകാതെ നിന്നു.











