കൊച്ചി : ചികിത്സാപിഴവിനെ തുടര്‍ന്ന് കൈമുറിച്ചു മാറ്റേണ്ടിവന്ന വിനോദിനിയുടെ ചികിത്സാ- വിദ്യാഭ്യാസ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കണമെന്ന് ഹൈക്കോടതി. 21 വയസ് വരെ ചിലവ് വഹിക്കണമെന്നാണ് കോടതി ഉത്തരവ്. കൈ നഷ്ടപ്പെട്ടത് വിനോദിനിക്ക് ഭാവിയില്‍ ജോലി ലഭിക്കുന്നതിന് തടസമാകരുത്. ഇക്കാര്യം സര്‍ക്കാര്‍ ഉറപ്പാക്കണം. കുറ്റക്കാരായവര്‍ക്കെതിരെ നിയമാനുസൃതം നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
സര്‍ക്കാര്‍ ആശുപത്രിയിലെ ഗുരുതര ചികിത്സാ പിഴവിന്റെ ഇരയാണ് കുട്ടിയെന്ന് ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍, ജസ്റ്റിസ് വി.എം.ശ്യാംകുമാര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.തൃശൂര്‍ സ്വദേശി പി.ഡി.ജോസഫ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവ് മൂലമാണ് കുട്ടിയുടെ കൈ മുറിച്ച് മാറ്റേണ്ടി വന്നത്.
കഴിഞ്ഞ സെപ്തംബര്‍ 24ന് വീട്ടുമുറ്റത്ത് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീഴ്ചയില്‍ വിനോദിനിയുടെ വലതുകൈയിലെ എല്ല് പൊട്ടി.പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും അണുബാധ ഉണ്ടായതോടെ വലതുകൈ മുറിച്ചുമാറ്റേണ്ടി വന്നു.
ഇപ്പോള്‍ കൃത്രിമ കൈയുമായി ജീവിക്കുകയാണ് വിനോദിനി. നിര്‍മാണത്തൊഴിലാളിയായ വിനോദിന്റെയും പ്രസീതയുടെയും മകളാണ് ഒന്‍പതുവയസുകാരി.
















