തിരുവനന്തപുരം:നാട്ടിലിറങ്ങുന്ന ശല്യക്കാരായ കാട്ടുപന്നികളെ വെടിവയ്‌ക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്ന അനുമതിയുടെ കാലാവധി ഒരു വര്‍ഷത്തേയ്‌ക്കു കൂടി നീട്ടി. ഉത്തരവ് കാലാവധി മേയ് 27ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയത്.
കാട്ടില്‍നിന്നും നാട്ടിലിറങ്ങി മനുഷ്യരുടെ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലുന്നതിനുളള കാലാവധിയാണ് ഒരുവര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചത്.
നിലവിലെ ഉത്തരവനുസരിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിക്ഷിപ്തമായ വെടിവയ്‌ക്കാനുള്ള അധികാരം ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അല്ലെങ്കില്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥന്‍ അല്ലെങ്കില്‍ അതത് തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലെ ബന്ധപ്പെട്ടവര്‍ എന്നിവര്‍ക്ക് ചുമതല നല്‍കാം.
നിബന്ധനകള്‍ പാലിച്ച് ഇല്ലായ്‌മ ചെയ്യുന്ന കാട്ടുപന്നികളെ സംബന്ധിച്ച് ഓരോമാസവും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ അടുത്തുള്ള റേഞ്ച് ഫോറസ്റ്റ് ഓഫീസറെ അറിയിക്കണം. കാട്ടുപന്നി ശല്യം രൂക്ഷമായതോടെയാണ് വെടിവയ്‌ക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിയത്.















