ന്യൂദല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍
പാചക വാതക ലഭ്യത ഉറപ്പുവരുത്താന്‍ ഉത്പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് എണ്ണ ശുദ്ധീകരണശാലകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അടിയന്തര നിര്‍ദേശം നല്‍കി.
2024-25 ല്‍ ഇന്ത്യ 31.3 ദശലക്ഷം ടണ്‍ എല്‍പിജി ഉപയോഗിച്ചതില്‍ 12.8 ദശലക്ഷം ടണ്‍ മാത്രമാണ് ആഭ്യന്തരമായി ഉത്പ്പാദിപ്പിച്ചത്, ബാക്കി ഇറക്കുമതി ചെയ്യുകയായിരുന്നു. സൗദി അറേബ്യ പോലെ ഹോര്‍മുസ് കടലിടുക്കിനെ ചരക്കു നീക്കത്തിനായി ആശ്രയിക്കുന്ന രാജ്യങ്ങളില്‍ നിന്നാണ് 85 ശതമാനവും പാചക വാതകം വരുന്നത് എന്നതിനാല്‍ ഇറക്കുമതി കുറയാന്‍ ഇടയാകും. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ ഉത്പ്പാദിപ്പിക്കുന്ന പ്രൊപ്പെയ്ന്‍, ബ്യൂട്ടെയ്ന്‍ എന്നിവ എല്‍പിജി ഉത്പാദനത്തിനായി പരമാവധി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ പൊതു, സ്വകാര്യ മേഖലയിലെ റിഫൈനറികളോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ആഭ്യന്തര ഉത്പാദനം കൂട്ടിയും ആഗോളതലത്തില്‍ വിതരണ ശൃംഖല വൈവിധ്യവത്കരിച്ചും ഊര്‍ജ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്‌റെ വിലയിരുത്തല്‍.















