പാലക്കാട്: മദ്യപാന സദസ്സിൽ പാർട്ടി സെക്രട്ടറിയെ തീരുമാനിക്കുന്ന സ്ഥിതിയിലേക്ക് സിപിഎം എത്തിയെന്ന് പാർട്ടി മുൻ നേതാവും മുൻ എംഎൽഎയുമായ പി.കെ. ശശിയുടെ അതിരൂക്ഷ വിമർശനം. സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തോട് അതൃപ്തിയുള്ളവരുടെ നേതൃത്വത്തിൽ രൂപംകൊണ്ട മാർക്സിസ്റ്റ് കൂട്ടായ്‌മയുടെ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.കെ.ശശി. പാർട്ടി നേതൃത്വവുമായി തുറന്ന എതിർപ്പിന് തയാറെന്ന് പ്രഖ്യാപിക്കുന്നതാണ് ശശിയുടെ പ്രസ്താവന.
‘പാലക്കാട് ജില്ലയിൽ ലോക്കൽ സെക്രട്ടറിയുടെ തിരഞ്ഞെടുപ്പ് കള്ള് കുടിച്ചിരിക്കുമ്പോൾ തീരുമാനിക്കുന്ന അവസ്ഥയിലേക്കെത്തി’ യെന്ന് ശശി പറഞ്ഞു.
പാലക്കാട്ടെ പാർവതി കല്യാണമണ്ഡപത്തിലായിരുന്ന് കൺവെൻഷൻ. കൺവെൻഷൻ സിപിഎം വിമതരുടേതല്ലെന്നും വിപ്ലവകാരികളായ കമ്യൂണിസ്റ്റുകളുടേതാണെന്നും ശശി പറഞ്ഞു.
കൊഴിഞ്ഞാമ്പാറയിലെ ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ടിനുപുറമേ വോയ്സ് ഓഫ് വടക്കഞ്ചേരി, മണ്ണാർക്കാട്ടെ ജനകീയ മതേതര മുന്നണി എന്നീ വിമത കൂട്ടായ്‌മകളും കൺവെൻഷനിൽ പങ്കെടുക്കുന്നുണ്ട്. നേരിട്ട് പങ്കെടുക്കാൻ കഴിയാത്ത ജില്ലാ കമ്മിറ്റിയിലെ അഞ്ചംഗങ്ങളുടെ മാനസികപിന്തുണ തങ്ങൾക്കുണ്ടെന്ന് കൊഴിഞ്ഞാമ്പാറയിലെ ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ട് നേതാവും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായ എം. സതീഷ് പറഞ്ഞു.
സ്പിരിറ്റ് കച്ചവടമുൾപ്പെടെയുള്ള നിയമവിരുദ്ധ നടപടികളും അഴിമതിയുമൊക്കെയാണ് സിപിഎമ്മിൽ നടക്കുന്നത്. പാർട്ടിയുടെ ഉത്തരവദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ സ്പിരിറ്റ് കേസിൽ ഒന്നാം പ്രതിയാണ്.
ഈ അനീതിക്കും അധാർമികതയ്‌ക്കുമെതിരെ പാർട്ടിക്കകത്ത് നിന്ന് പൊരുതിയവരെയെല്ലാം ഓരോരോ നടപടിയെടുത്ത് പുറത്താക്കി. ഇത്തരത്തിൽ ചോദ്യം ചെയ്തതിന്റെ പേരിൽ ജോലിയിൽനിന്ന് പിരിച്ചുവിട്ട നിരവധി സഖാക്കൾ ഈ യോഗത്തിൽ പങ്കെടുക്കുന്നണ്ട്, ശശി പ്രസംഗത്തിൽ വിശദീകരിച്ചു.
‘അധികാരം ഉപയോഗപ്പെടുത്തി സിപിഎം എന്തെല്ലാം തോന്നിവാസങ്ങളാണ് പാലക്കാട് ജില്ലയിൽ ചെയ്തുകൂട്ടിയത്. എത്രപേർക്കെതിരെ നടപടിയെടുത്തു. ക്രൂരമായി അക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. ഇത് കമ്യൂണിസ്റ്റ് പാർട്ടിയിൽ അനുവദിക്കാൻ പാടുള്ളതാണോ? പാർട്ടിയിലും പാർട്ടിക്കാർക്കും പണപ്പിരിവിന് യാതൊരു കുറവുമില്ല. എല്ലാ മാസവും എന്തെങ്കിലും പിരിവുണ്ടാകും. ഇത്രത്തോളം പിരിവുണ്ടായ കാലം മുമ്പ് ഉണ്ടായിട്ടില്ല,’ ശശി തുറന്നു പറഞ്ഞു.
സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെയായിരുന്നു പി.കെ. ശശിയുടെ വിമർശനം ഏറെയും. കേട്ടാൽ ഞെട്ടുന്ന ചരിത്രമുള്ളയാളാണ് സുരേഷ് ബാബുവെന്ന് ശശി വിവരിച്ചു: ‘ ഇമ്പിച്ചിബാവയടക്കമുള്ള മഹാന്മാർ ഇരുന്ന കമ്യൂണിസ്റ്റ് പാർട്ടി ജില്ലാ സെക്രട്ടറിയുടെ കസേരയിലാണ് ഒരു സ്പിരിറ്റ് കച്ചവടക്കാരൻ ഇരുന്നത്. അതിനെ ഞങ്ങൾ ചോദ്യം ചെയ്യേണ്ടേ’ ശശി ചോദിച്ചു.
















