കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ഇ ഡി സ്വത്തുക്കള്‍ കണ്ടുകെട്ടിയതിനെതിരായ അപ്പീല്‍ ഹൈക്കോടതി തള്ളി.
പിഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന എം.കെ. അഷ്‌റഫിന്റെ ‘മൂന്നാര്‍ വില്ല വിസ്ത’ പ്രൈവറ്റ് ലിമിറ്റഡിന്റെ അപ്പീലാണ് തള്ളിയത്.
സ്ഥാപനത്തിന്റെ 2.53 കോടിയുടെ സ്വത്തുക്കളാണ് ഇ ഡി കണ്ടുകെട്ടിയത്. പിഎഫ്‌ഐ നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ അഷ്‌റഫിനെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. സ്ഥാപനത്തിന്റെ മറവില്‍ കള്ളപ്പണ ഇടപാടുകളുണ്ടെന്ന് ഇ ഡി കണ്ടെത്തി. വിറ്റുപോയ വില്ലകളെയും ഇ ഡി നടപടികള്‍ ബാധിക്കുന്നെന്നു കാട്ടിയാണ് സ്ഥാപനം കോടതിയെ സമീപിച്ചത്.
2023 ആഗസ്തിലാണ് ഇടുക്കി മാങ്കുളത്തെ ‘മൂന്നാര്‍ വില്ല വിസ്ത’ പ്രൈവറ്റ് ലിമിറ്റഡ് ഇ ഡി കണ്ടുകെട്ടിയത്. വില്‍പ്പന നടത്താത്ത നാല് വില്ലകളും 6.75 ഏക്കര്‍ ഭൂമിയും അടങ്ങുന്നതാണ് പ്രോജക്ട്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കള്ളപ്പണം വെളുപ്പിക്കാനാണ് കമ്പനി രൂപീകരിച്ചതെന്ന് ഇ ഡി കണ്ടെത്തിയിരുന്നു.











