കാഞ്ഞങ്ങാട്: ക്ഷേത്ര നവീകരണ പുന:പ്രതിഷ്ഠയോടനുബന്ധിച്ച് ക്ഷേത്രസ്ഥാനികര്‍ ഭക്ഷണം ബഹിഷ്‌ക്കരിക്കണമെന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നിര്‍ദ്ദേശം വിവാദമാകുന്നു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെങ്കോട്ടയെന്നവകാശപ്പെടുന്ന മടിക്കൈയില്‍ വിവാദം കത്തിപ്പടരുകയാണ്. കക്കാട്ട് ഉദയമാടം ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠയുടെ അവസാന ദിവസമായ വെള്ളിയാഴ്ച ഭക്തജനങ്ങള്‍ക്കായി ഒരുക്കിയ ഭക്ഷണമാണ് സിപിഎം കക്കാട്ട് ബ്രാഞ്ച് സെക്രട്ടറിയും പുന:പ്രതിഷ്ഠയുടെ സ്വീകരണ കമ്മറ്റി ചെയര്‍മാന്‍ കൂടിയായ ബാലന്‍ കരിച്ചേരിയാണ് മറ്റൊരു സമുദായ അംഗങ്ങള്‍ തൊട്ട ഭക്ഷണം ബഹിഷ്‌ക്കരിക്കാന്‍ ക്ഷേത്രസ്ഥാനികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ വിവരം ആഘോഷ കമ്മറ്റിയെ അറിയിച്ചത്.
നാരായണന്‍ നമ്പൂതിരി പട്ടേനയുടെ നേതൃത്വത്തിലാണ് ഭക്ഷണം തയ്യാറാക്കിയത്. നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ആഘോഷകമ്മറ്റിയാണ് ഉത്സവം നടത്തിയത്. ഇതില്‍ ഭക്ഷണം പാകം ചെയ്തവരില്‍ എല്ലാ വിഭാഗം സമുദായക്കാരും ഉണ്ടായിരുന്നു. സ്ഥാനികര്‍ ചെയ്തത് ശരിയായില്ലെന്നും കഴിക്കാത്തവര്‍ കഴിക്കേണ്ടന്നുമുള്ള നിലപാട് ഒരുവിഭാഗം ആളുകള്‍ പ്രതികരിച്ചു.
ഏതാനും വര്‍ഷം മുമ്പ് മുസ്ലീംങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സമുദായക്കാര്‍ക്കും ക്ഷേത്ര വാതില്‍ തുറന്നുകൊടുത്ത് സാമുദായിക സൗഹാര്‍ദ്ദത്തിന് മാതൃകകാണിച്ച ക്ഷേത്രത്തിലെ സ്ഥാനികരെ കൊണ്ട് ഭക്ഷണം ബഹിഷ്‌ക്കരിക്കപ്പെട്ടത് ചര്‍ച്ചയായത്. അതേസമയം സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ആളുതന്നെ ക്ഷേത്രഭാരവാഹിയോട് മറ്റൊരു സമുദായം തൊട്ട ഭക്ഷണം കഴിക്കില്ലെന്ന് പറഞ്ഞതുകൊണ്ടുതന്നെ ഇത് സിപിഎമ്മിനകത്തും കടുത്ത പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്.
സാമുദായിക വേര്‍തിരിവുണ്ടാക്കിയ ബ്രാഞ്ച് സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് ഭൂരിപക്ഷവും നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മടിക്കൈയില്‍ ഏറെ കാലമായി പാര്‍ട്ടിക്കകത്തുപോലും ജാതി വിഭാഗീയത നിലനില്‍ക്കുന്നുണ്ട്.
ഇത് സിപിഎമ്മിന് ഏറെ ദോഷം ചെയ്യുമെന്ന് നിഷ്പക്ഷമതികളായ പലരും സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നുവെങ്കിലും ഇതിനെ ഗൗരവത്തിലെടുക്കാന്‍ നേതൃത്വം തയ്യാറായിട്ടില്ല.
















