ന്യൂഡൽഹി : ഇന്ത്യ-റഷ്യ പ്രതിരോധ ബന്ധത്തിലെ ഏറ്റവും നിർണായകമായ എസ് 400 മിസൈൽ കൂടുതൽ വാങ്ങാൻ ഒരുങ്ങുകയാണ് ഇന്ത്യ . അഞ്ച് അധിക സ്ക്വാഡ്രണുകൾ സംഭരിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാക് വിമാനങ്ങളെ പ്രതിരോധിക്കുന്നതിൽ എസ്-400 സംവിധാനം കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഈ നീക്കത്തിന് പിന്നിൽ. ഏകദേശം 40,000 കോടി രൂപയുടെ ഈ ബൃഹദ് കരാറിലെ അവസാന യൂണിറ്റ് 2027-ഓടെ മാത്രമേ കൈമാറൂ
ഫെബ്രുവരി 28 മുതൽ ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ഓപ്പറേഷൻ ഫ്യൂറി എന്ന പേരിൽ നടത്തിയ വ്യോമാക്രമണങ്ങളും ഇതിനെത്തുടർന്നുണ്ടായ ഇറാന്റെ പ്രത്യാക്രമണവും കാരണം പശ്ചിമേഷ്യ സംഘർഷഭരിതമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം
എസ്-400 ന്റെ അഞ്ച് സ്ക്വാഡ്രണുകൾ കൂടി വാങ്ങാനുള്ള നിർദേശം ഉടൻ അംഗീകാരത്തിനായി പരിഗണിക്കുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കിഴക്കൻ, പടിഞ്ഞാറൻ അതിർത്തികളിൽ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ഈ അധിക യൂണിറ്റുകൾ വിന്യസിക്കുമെന്നാണ് സൂചന.
2018ലാണ് എസ്–400 സംവിധാനം വാങ്ങാനുള്ള കരാറിൽ ഇന്ത്യയും റഷ്യയും ആദ്യം ഒപ്പുവച്ചത്. അഞ്ച് യൂണിറ്റുകൾക്ക് 500 കോടി ഡോളറാണ് ഇന്ന് നൽകിയത് . നിലവിൽ ഇന്ത്യ മൂന്ന് എസ്-400 സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നുണ്ട്. 2018-ലെ റഷ്യയുമായുള്ള കരാറിന്റെ ഭാഗമായി അഞ്ച് സ്ക്വാഡ്രണുകൾക്കായി ഈ വർഷം രണ്ട് സംവിധാനങ്ങൾ കൂടി സ്ഥാപിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.
ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി, കഴിഞ്ഞ വർഷം മേയ് പത്തിന് പാകിസ്താന്റെ പോർവിമാനങ്ങൾ, വിമാനങ്ങൾ കണ്ടെത്തുന്നതിനുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ, ഇലക്ട്രോണിക് നിരീക്ഷണ സംവിധാനങ്ങൾ എന്നിവയെ ഫലപ്രദമായി തടഞ്ഞതിന് എസ്-400 സംവിധാനത്തിന് വ്യോമസേനയുടെ അംഗീകാരം ലഭിച്ചിരുന്നു.
അന്നു തന്നെ ഇന്ത്യൻസേന അതിർത്തിക്ക് കുറുകെയുള്ള വ്യോമതാവളങ്ങൾ, റഡാർ സംവിധാനങ്ങൾ, കമാൻഡ്-കൺട്രോൾ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നു. പാകിസ്താൻ വിക്ഷേപിച്ച ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളെയും സുദർശൻ ചക്ര ഏറ്റുമുട്ടലിനിടയിൽ തടഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാനിൽനിന്നുള്ള പ്രത്യാക്രമണം തടുക്കുന്നതിൽ എസ്–400 സംവിധാനം വലിയ പങ്കുവഹിച്ചിരുന്നു. ഇത്തരത്തിലുള്ള സംവിധാനങ്ങൾ കൂടുതൽ എത്തിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് വ്യോമസേനാ മേധാവി എ.പി.സിങ്ങും വ്യക്തമാക്കിയിരുന്നു.
ഇതിന് വിപരീതമായി, പാക് സൈന്യം ചൈനയിൽ നിന്ന് വികസിപ്പിച്ചെടുത്ത എച്ച്ക്യു-9 എയർ ഡിഫൻസ് സംവിധാനം വിന്യസിച്ചിരുന്നു. എന്നാൽ, ഇന്ത്യൻ വ്യോമാക്രമണങ്ങളെ ഫലപ്രദമായി നേരിടാൻ ഈ സംവിധാനത്തിന് കഴിഞ്ഞില്ലെന്നാണ് വിവരം. മറ്റ് ആഗോള സംഘർഷ മേഖലകളിലും എച്ച്ക്യു-9 സംവിധാനം വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്.
വ്യോമാക്രമണങ്ങളെയും മിസൈൽ ഭീഷണികളെയും നേരിടാൻ എസ്-400 ഇന്റർസെപ്റ്റേഴ്സിന്റെ ശേഖരം വർധിപ്പിക്കാൻ വ്യോമസേന ഇപ്പോൾ ലക്ഷ്യമിടുന്നു. റഷ്യയുമായി ചർച്ചകൾ പുരോഗമിക്കുകയാണ്, ഉടൻ ഒരു പുതിയ ടെൻഡർ പുറത്തിറക്കുമെന്നും റിപ്പോർട്ടുണ്ട്.
















