ന്യൂദല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ 2025- 26ല്‍ 8.25 ശതമാനം പലിശ നല്കും. തുടര്‍ച്ചയായ രണ്ടാം തവണയാണ് പലിശയില്‍ മാറ്റമില്ലാതെ തുടരാന്‍ തീരുമാനം. 2024- 25 മുതല്‍ ഇതേ പലിശയാണ് ഇപിഎഫ്ഒ നല്‍കിയത്. 2022-23ല്‍ 8.15 ശതമാനമായിരുന്ന പലിശ തൊട്ടടുത്ത തവണ 8.25 ആയി വര്‍ദ്ധിപ്പിച്ചു.
കേന്ദ്രമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലെ 239-ാമത് ഇപിഎഫ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗത്തിലാണ് പലിശ നിരക്കു സംബന്ധിച്ച തീരുമാനം. തിങ്കളാഴ്ച നടന്ന യോഗത്തില്‍ കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജെ, തൊഴില്‍ വകുപ്പ് സെക്രട്ടറി വന്ദന ഗുര്‍നാനി, ഇപിഎഫ്ഒ സിഇഒ രമേശ് കൃഷ്ണമൂര്‍ത്തി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. സിബിടി അംഗീകാരശേഷം, തീരുമാനം ധനകാര്യ മന്ത്രാലയ അംഗീകാരത്തിനായി അയയ്‌ക്കും. അംഗീകാര ശേഷം പുതിയ നിരക്ക് ഏഴു കോടിയിലധികം ഇപിഎഫ്ഒ വരിക്കാരുടെ അക്കൗണ്ടുകളിലേക്ക് മാറ്റും.
ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇപിഎഫ്ഒ ശക്തമായ സാമ്പത്തിക അച്ചടക്കം പാലിച്ച് പലിശ അക്കൗണ്ടില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാതെ സ്ഥിരതയുള്ളതും മത്സരാധിഷ്ഠിതവുമായ വരുമാനം ഉറപ്പാക്കുന്നു. എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ നിന്നുള്ള മികച്ച ലാഭവും മറ്റ് നിക്ഷേപങ്ങളിലെ സാമ്പത്തിക അച്ചടക്കവുമാണ് ഉയര്‍ന്ന പലിശ നല്‍കാന്‍ സഹായിച്ചത്.











