പൂനെ: അണ്ടര്‍ 23 വനിതാ ഏകദിന ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് തോല്‍വിയോടെ തുടക്കം. ആദ്യ മത്സരത്തില്‍ ഉത്തരാഖണ്ഡ് എട്ട് വിക്കറ്റിനാണ് കേരളത്തെ തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 41.5 ഓവറില്‍ 120 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തരാഖണ്ഡ് 30 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
സ്‌കോര്‍: കേരളം- 41.5 ഓവറില്‍ 120ന് ഓള്‍ ഔട്ട് , ഉത്തരാഖണ്ഡ്- 30 ഓവറില്‍ 123/2
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് മുന്‍നിര ബാറ്റര്‍മാരുടെ കൂട്ടത്തോടെയുള്ള പരാജയമാണ് തിരിച്ചടിയായത്. അക്കൗണ്ട് തുറക്കും മുന്‍പേ ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ദിയ ഗിരീഷിനെ കരുണ ഷെട്ടിയാണ് പുറത്താക്കിയത്. രണ്ട് റണ്‍സെടുത്ത ശ്രദ്ധ സുമേഷിനെയും കരുണ തന്നെ പുറത്താക്കി. മൂന്നാം വിക്കറ്റില്‍ അനന്യ കെ പ്രദീപും ശ്രേയ പി സിജുവും ചേര്‍ന്ന 38 റണ്‍സിന്റെ കൂട്ടുകെട്ട് കേരളം കരകയറുന്നുവെന്ന പ്രതീക്ഷ നല്‍കി. എന്നാല്‍ ഇരുവരും പുറത്തായത് കൂട്ടത്തകര്‍ച്ചയ്‌ക്ക് വഴിയൊരുക്കി.
ഒന്‍പത് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് കേരളത്തിന് നഷ്ടപ്പെട്ടത്. അനന്യ 26-ഉം ശ്രേയ 11-ഉം റണ്‍സാണ് നേടിയത്. തുടര്‍ന്ന് അവസാന വിക്കറ്റില്‍ ഇസബെല്ലും ഐശ്വര്യ എ കെയും ചേര്‍ന്ന 45 റണ്‍സിന്റെ കൂട്ടുകെട്ടാണ് കേരളത്തിന്റെ സ്‌കോര്‍ 120-ല്‍ എത്തിച്ചത്. ഉത്തരാഖണ്ഡിന് വേണ്ടി കനിക മൂന്നും കരുണ ഷെട്ടി, നിഷ മിശ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തരാഖണ്ഡിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ദീപികയുടെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ തുടര്‍ന്നെത്തിയവര്‍ അവസരത്തിനൊത്ത് ബാറ്റ് വീശിയതോടെ ഉത്തരാഖണ്ഡിനെ തേടി അനായാസ വിജയമെത്തി. യഷികയും നീലവും ചേര്‍ന്ന 76 റണ്‍സിന്റെ കൂട്ടുകെട്ടാണ് വിജയം ഒരുക്കിയത്.
യഷിക 31-ഉം നീലം 55 റണ്‍സുമായി പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി സൂര്യ സുകുമാറും അലീന എം പിയും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.











