”ഹിന്ദുസ്ത്രീകള്‍ വളരെ മതബോധവും ആദ്ധ്യാത്മികതയും ഉള്ളവരാണ്, ഒരുപക്ഷേ ലോകത്തെ മറ്റ് ഏത് സ്ത്രീയേക്കാളുമധികം അവരങ്ങനെയാണ്. ശോഭനമായ ഈ സ്വഭാവവിശേഷങ്ങളെ സംരക്ഷിക്കുവാനും അതേസമയം നമ്മുടെ സ്ത്രീകളുടെ ബുദ്ധിയെ വികസിപ്പിക്കുവാനും നമുക്ക് കഴിഞ്ഞാല്‍ ഭാവിയിലെ ഹിന്ദുസ്ത്രീ ലോകത്തിന്റെ ആദര്‍ശസ്ത്രീയായിരിക്കും,” സ്വാമി വിവേകാനന്ദന്റെ വാക്കുകളാണ്. ഈ വാക്കുകളുടെ അര്‍ത്ഥവും ആന്തരാര്‍ത്ഥവും അറിഞ്ഞിരിക്കേണ്ടത് സ്ത്രീയല്ല, ആ പെണ്‍കുഞ്ഞിന്റെ രക്ഷിതാക്കളാണ്.
കാരണം, ഒരു കൊച്ചു പെണ്‍കുട്ടിക്കും (ആണ്‍കുട്ടിക്കും) ആ അര്‍ത്ഥം മനസ്സിലാകില്ലല്ലോ. മനസ്സിലാകുമ്പോള്‍ അവള്‍ യുവതിയാകും, കുഞ്ഞായിരിക്കെത്തന്നെ തിരിച്ചറിയേണ്ടതാണിത്, അതിന് രക്ഷിതാക്കളാണ് ആ അറിവ് നേടേണ്ടത് എന്നതില്‍ സംശയമില്ല.
‘വിവേകാനന്ദവാണി’കള്‍ കേള്‍ക്കേണ്ടതുപോലെ കേട്ടവരില്‍, അത് ഉള്‍ക്കൊണ്ടവരില്‍, സ്വജീവിതത്തില്‍ പ്രയോഗിച്ചവരില്‍ ഒരു രക്ഷിതാവായിരുന്നു തൃശൂര്‍ സ്വദേശിയായ പുത്തേഴത്ത് രാമമേനോൻ. കൊച്ചിരാജാവിന്റെ സര്‍വ്വാധികാര്യക്കാരന്‍, ജില്ലാ ജഡ്ജി, ഹൈക്കോടതി ജഡ്ജി എന്നിങ്ങനെയായിരുന്നു ഔദ്യോഗിക ജീവിതം. കഥയും നോവലും ജീവചരിത്രങ്ങളും ചരിത്രങ്ങളും അടക്കം വിപുലമായ സാഹിത്യ പ്രവര്‍ത്തനം. 1891 ല്‍ ജനിച്ച് 1973 ല്‍ അന്തരിച്ചു. ആ അച്ഛന്‍ വിവേകാനന്ദ മാര്‍ഗ്ഗത്തില്‍ അന്വേഷിച്ചയാളാണ്.
”ഒരു ജനതയുടെ പുരോഗതിയെ കുറിക്കുന്ന ഏറ്റവും നല്ല മാപിനി അതിലെ സ്ത്രീകളോടുള്ള അതിന്റെ പെരുമാറ്റമാണ്,” എന്നതും സ്വാമിയുടെ വാക്കുകള്‍തന്നെ. സമൂഹമൊന്നടങ്കം മനസ്സിലാക്കി പെരുമാറേണ്ടതാണ് ആ വാക്യാര്‍ത്ഥം. ഇന്ന് ആരും ആരുടെയും ആധികാരിക ഗ്രന്ഥമായി പറയാറില്ലാത്ത ‘മനുസ്മൃതി’യെ എതിര്‍ത്തും അനുകൂലിച്ചും ചര്‍ച്ച ചെയ്ത് സമയം പാഴാക്കുന്നതിന് പകരം, പ്രായോഗിക വേദാന്തം പഠിക്കാന്‍ പറഞ്ഞുതന്ന സ്വാമികളുടെ യഥാര്‍ത്ഥ പിന്തുടര്‍ച്ചാവകാശികളാകുക അത്ര എളുപ്പമല്ല. ആ അച്ഛന്‍ അത് ചെയ്തു, അദ്ദേഹത്തിന്റെ മകള്‍ അങ്ങനെ വളര്‍ന്നു; ആ മകളിന്ന് ലക്ഷാവധി ജനങ്ങളുടെ ‘ദീദി’യാണ്. ദീദിക്ക് ഇന്ന്, 2026 മാര്‍ച്ച് ഒന്നിന്, നവതിയാണ്. ഡോ. ലക്ഷ്മീകുമാരിയെ ഏറെപ്പേരും വിളിക്കുന്നത് ഇപ്പോള്‍ ‘ദീദി’ എന്നാണ്.
‘ദീദി’ എന്നാല്‍ സഹോദരി, ഇംഗ്ലീഷില്‍ ‘സിസ്റ്റര്‍.’ ‘സിസ്റ്റര്‍ നിവേദിത’ എന്നപോലെയാണ് ‘ദീദി ഡോ. ലക്ഷ്മീകുമാരി.’
പ്രശാന്തവും ധ്യാനഭാവവുമിയന്ന മുഖം, കാരുണ്യപൂര്‍ണമായ കണ്ണുകള്‍, ചാരുവായ സ്മിതം, കാമാദി ഷഡ്ക രഹിതം… ഇങ്ങനെയൊക്കെയാണ് ‘മാ ശാരദാദേവി’യെ വര്‍ണ്ണിച്ചിട്ടുള്ളത്. സമാനയാണ് ‘ദീദി’യും.
ഭാവിയില്‍, വലിയ കുതിരകളെ വരുതിക്ക് നിര്‍ത്തി അതിവേഗം വഴിയിലൂടെ ഓടിച്ചുപോകുന്ന കുതിരവണ്ടിക്കാരനാകണമെന്ന്, കുട്ടിക്കാലത്ത് ആഗ്രഹിച്ച ഒരു കുഞ്ഞിനു മുന്നില്‍ ‘ഗീതോപദേശം’ നടത്തുന്ന ‘കുതിരക്കാരനായ കൃഷ്ണ’നെ മാതൃകയാക്കി കാട്ടിക്കൊടുത്ത്, പില്‍ക്കാലത്തെ വിവേകാന്ദനാക്കിയത് അമ്മ ഭുവനേശ്വരീ ദേവിയായിരുന്നു. കുഞ്ഞുന്നാളിലേ, അമേരിക്കയിലെ ചിക്കാഗോ മതസമ്മേളനത്തില്‍ പ്രസംഗിക്കുന്ന യുവസംന്യാസിയായ വിവേകാനന്ദനെ ലക്ഷ്മീകുമാരിയുടെ മനസ്സില്‍ കയറ്റിവിട്ടത് അച്ഛന്‍ പുത്തേഴത്ത് രാമന്‍മേനോനായിരുന്നു. കുട്ടിക്കാലത്തേ കുഞ്ഞുങ്ങളില്‍ സാംസ്‌കാരികത ആവേശിക്കാന്‍ കാരണമാകുന്നത് അമ്മമാരുടെ പരിചരണത്തില്‍, വീട്ടിലെ സാഹചര്യത്തിലാണല്ലോ. അമ്മ മൂത്തേടത്ത് ജാനകിയമ്മയുടെ കൈകളും മനസ്സും ലക്ഷ്മീകുമാരിയുടെ സാംസ്‌കാരിക ജീവിതത്തില്‍ പ്രധാനമാണ്.
ചിക്കാഗോയില്‍ മതമഹാസമ്മേളനത്തില്‍ പ്രസംഗിക്കുന്ന സ്വാമി വിവേകാനന്ദന്റെ ചിത്രം അച്ഛന്‍ വീട്ടിലെ ചുമരില്‍ തൂക്കിയിട്ടപ്പോള്‍ അതുകണ്ട് ആകൃഷ്ടയായ കുട്ടിക്ക് അന്ന് വയസ്സ് 13 ആയിട്ടില്ല; ‘ടീന്‍ ഏജ്’ ആയിരുന്നില്ല. ആ ചിത്രം, കൊല്‍ക്കത്തയില്‍ കുതിരവണ്ടിക്കാരനില്‍നിന്ന് ഒരു ബാലന്റെ മനസ്സിനെ ഹൃഷീകേശനായ, യോഗേശ്വരനായ ശ്രീകൃഷ്ണന്റെ രഥത്തിലേക്ക് നയിച്ചിരുത്തിയ ഭുവനേശ്വരീ ദേവിയും വിശ്വനാഥ ദത്തയും നടന്ന വഴിയിലായിരുന്നു ഇങ്ങകലെ തൃശൂരില്‍ ഒരു പെണ്‍കുട്ടിയെ നടത്തിയത്; ദീദിയാക്കിയത്.
ഇന്ന് ദീദിയായ, അന്നത്തെ ലക്ഷ്മീകുമാരി, പുത്തേഴത്ത് രാമന്‍മേനോന്റെ മകളായി, 1936 മാര്‍ച്ച് ഒന്നിന് തൃശൂരില്‍ ജനിച്ചു. വിവേകോദയം ഗേള്‍സ് ഹൈസ്‌ക്കൂള്‍, എറണാകുളം മഹാരാജാസ് (ബിഎസ്‌സി, 1950), തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് (എംഎസ് സി), മദ്രാസ് യൂണിവേഴ്‌സിറ്റി (ഗവേഷണം), റഷ്യയിലെ യുക്രേനില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ ബയോളജിയില്‍ (ഗവേഷണം) എന്നിങ്ങനെയാണ് പഠന ജീവിതം. 1970ല്‍, ഡോ. ലക്ഷ്മീകുമാരിയായി, ദല്‍ഹിയിലെ ഇന്ത്യന്‍ അഗ്രിക്കള്‍ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലിക്ക് ചേര്‍ന്ന് 1982 വരെ അവിടെ തുടര്‍ന്നു.
ശ്രദ്ധിച്ചിട്ടുണ്ടാവും ഓരോ കാല്‍ നൂറ്റാണ്ടും നമ്മുടെ രാജ്യത്തും കാലമാറ്റത്തിന്റെ നാഴികക്കല്ലുകളാണ്. 1900 ലാണ് ഭാരതം ‘ബ്രിട്ടീഷ് കമ്പനിഭരണം’ ‘ക്രൗണ്‍ റൂള്‍’ ആയി മാറിയത്; ‘ക്ഷാമ’വും. രണ്ടും വലിയ മാറ്റങ്ങള്‍ക്ക് കാരണമായി. കാല്‍ നൂറ്റാണ്ട് കഴിഞ്ഞ്, 1925 ലാണ് ലോകത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ ആര്‍എസ്എസ് സ്ഥാപിക്കപ്പെട്ടത്, കമ്യൂണിസ്റ്റ് പാര്‍ട്ടി ഭാരതത്തില്‍ പ്രവര്‍ത്തിച്ച തുടങ്ങിയത്, വൈക്കം സത്യഗ്രഹം വിജയിച്ചത്. അടുത്ത കാല്‍ നൂറ്റാണ്ടാകുമ്പോഴാണ് 1950 ല്‍ ഭാരതം പൂര്‍ണ്ണ റിപ്പബ്ലിക്കായത്. അടുത്ത കാല്‍ നൂറ്റാണ്ട് തികയവേയാണ് ഭരണഘടനപോലും മരവിപ്പിച്ചുകൊണ്ട് 1975 ല്‍ അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചത്. 2000 ലാണ് ഭാരത ജനസംഖ്യ 100 കോടി കടന്നത്. ചരിത്രത്തിലും സാമൂഹ്യ ജീവിതത്തിലും നാഴികക്കല്ലുകള്‍ തന്നെയാണവയെല്ലാം.
അടിയന്തരാവസ്ഥക്കാലത്ത് ദല്‍ഹിയിലായിരുന്ന ഡോ. ലക്ഷ്മീകുമാരി 1975 മുതല്‍ ദല്‍ഹിയിലെ വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയായി.
1981 ല്‍, വിവേകാനന്ദ കേന്ദ്രത്തിന്റെ സര്‍വാത്മാവായ ഏകനാഥ് റാനഡേയുടെ സ്നേഹപൂര്‍ണ്ണമായ പ്രേരണയില്‍, ആത്മീയ ഗുരുവായി ബാല്യം മുതലേ ഡോ. ലക്ഷ്മീകുമാരി കണ്ടിരുന്ന വിവേകാനന്ദ സ്വാമികള്‍ ലോകത്തിന് കാട്ടിത്തന്ന മാര്‍ഗ്ഗത്തില്‍ ആത്മസമര്‍പ്പണം ചെയ്ത് കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിലെ അന്തേവാസിയായി. ആദ്യം സഹകാര്യദര്‍ശിയായും ക്രമത്തില്‍ വര്‍ക്കിങ് പ്രസിഡന്റുമായി. 1982 ആഗസ്തില്‍ ഏകനാഥ്ജി സമാധിയായി, ഡോ. ലക്ഷ്മീകുമാരി, വിവേകാനന്ദ ശിലാസ്മാരകത്തിന്റെയും വിവേകാനന്ദ കേന്ദ്രത്തിന്റെയും അഖിലേന്ത്യാ അദ്ധ്യക്ഷയായി നിയോഗിക്കപ്പെട്ടു.
രാജ്യത്തെ സ്ത്രീകളോട് അങ്ങ് എന്തുപറയുമെന്നതിന് വിവേകാനന്ദ സ്വാമികളുടെ മറുപടി ഇങ്ങനെയാണ്: ”പുരുഷന്മാരോട് പറയുന്നതെന്തോ അതുതന്നെപറയും. ഭാരതത്തിലും ഭാരതീയ മതത്തിലും വിശ്വസിക്കുക. കരുത്തും ശുഭപ്രതീക്ഷയുമുള്ളവരാകുവിന്‍, നിര്‍ലജ്ജരാകുവിന്‍, നമുക്കുവാങ്ങുവാന്‍ ചിലതുള്ളതോടൊപ്പം, ലോകത്തില്‍ വേറേ ഏതു ജനതയേക്കാളും അളവറ്റ് അധികം കൊടുക്കുവാനുണ്ടെന്നുള്ളത് ഓര്‍മ്മിക്കുവിന്‍.”
സ്വാമികളുടെ വാക്യങ്ങളുടെ പൊരുളറിഞ്ഞ ഡോ. ലക്ഷ്മീകുമാരി, സ്വാമിജി കടല്‍നീന്തിക്കയറി കന്യാകുമാരിപ്പാറയില്‍ ധ്യാനതപസ്സിരുന്ന 1892 ന് 100 വര്‍ഷം തികഞ്ഞ 1992 ല്‍ ഒരുവര്‍ഷത്തെ ‘വിവേകാനന്ദ ഭാരത പരിക്രമ’ യ്‌ക്ക് നേതൃത്വം നല്‍കി വിവേകാനന്ദ സന്ദേശം കൂടുതല്‍ പ്രചരിപ്പിച്ചു. ചിക്കാഗോ മതമഹാസമ്മേളനത്തിന്റെ 100-ാം വാര്‍ഷികാഘോഷത്തെ മുന്‍നിര്‍ത്തി നടന്ന ചിക്കാഗോ, വാഷിങ്ടണ്‍, കല്‍ക്കട്ട എന്നിവിടങ്ങളിലെ മൂന്ന് ലോകമത മഹാസമ്മേളനങ്ങളിലും, ഡോ. ലക്ഷ്മീകുമാരിയുടെ സജീവപങ്കാളിത്തമുണ്ടായിരുന്നു. അപ്പോഴേക്കും ഡോ. ലക്ഷ്മീകുമാരി ‘ദീദി’യായിക്കഴിഞ്ഞിരുന്നു.
”സ്വാതന്ത്ര്യത്തിലും പ്രേമത്തിലും കൂടിജീവിക്കുന്നവര്‍ ഫലത്തെ തീരെ വകവെക്കുന്നില്ല. എന്നാല്‍ അടിമയ്‌ക്ക് അവന്റെ ചമ്മട്ടിയടിവേണം, വേലക്കാരന് അവന്റെ ശമ്പളം വേണം, പൊതുപ്രഭാഷകന് കുറച്ചുകൈയടിവേണം; അല്ലെങ്കില്‍ കുറച്ചു ചീറ്റലോ കൂക്കുവിളിയോ. എവിടെയോ ഒരു പ്രയോജനമുണ്ട്. ഞാന്‍ ഇതുതരുന്നു, നീ അതുതരണം എന്ന രീതി. എവിടെ നാം നമ്മുടെ മനസ്സിന്റെ നാഥന്മാരായി പ്രവര്‍ത്തിക്കുന്നു, ആ പ്രവൃത്തി മാത്രം ആസക്തിയും ആനന്ദവും കൈവരുത്തുന്നു… നാമെല്ലാം നമ്മെക്കാണുന്നത് പാകപ്പെട്ട സ്ഥാനത്താണ്. ഓരോ പന്തും അതിന്റെ സ്വന്തം തുള തേടുന്നു” കര്‍മ്മയോഗത്തെപ്പറ്റി സ്വാമി ഒരിടത്ത് പറഞ്ഞു.
സ്വാമിജി പറഞ്ഞത് തത്ത്വമാണല്ലോ, അത് ദീദിയുടെ ജീവിതമായി. ദീദി സദാ കര്‍മ്മനിരതയായിരുന്നു; അത്രയേറെ ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകുംവരെ. ഇപ്പോഴും ക്ഷീണം തട്ടിയിട്ടില്ലാത്ത ബുദ്ധിയും ചിന്തയും ആസൂത്രണവുംകൊണ്ട് സക്രിയയായി തുടരുന്നു.
1995ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഹൈന്ദവ ലോകമഹാസമ്മേളനത്തിലും 1999 കേപ്ടൗണില്‍ നടന്ന ലോകമതമഹാസമ്മേളനത്തിലും ദീദി പങ്കെടുത്തു. സ്വാമിജിയുടെ 150-ാം ജന്മവാര്‍ഷിക ദിനം ‘സാര്‍ദ്ധശതി’യായി ലോകമെമ്പാടും ആഘോഷിച്ചു. സ്വിറ്റ്സര്‍ലണ്ടിലെ രാമകൃഷ്ണമഠത്തിന്റെ പരിപാടികളില്‍ ദീദിയാണ് പങ്കെടുത്തത്.
ദീദിയുടെ ലേഖനങ്ങള്‍ ഒട്ടേറെയുണ്ട്. അവ സമാഹരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വാമിജിയുടെ ചിന്തകള്‍ സമാഹരിച്ചുള്ള പുസ്തകങ്ങള്‍, ദര്‍ശനങ്ങളും വീക്ഷണങ്ങളും വ്യാഖ്യാനിച്ചുള്ള എഴുത്തുകള്‍, സ്വാമി വിവേകാനന്ദനും ഭഗവദ്ഗീതയും, ഭാരതം ഒരു മഹാവിസ്മയം, അമൃതകുടുംബം – ഭഗവദ്ഗീതയിലൂടെ, ഭാവയാമി ഏകനാഥം എന്നീ പുസ്തകങ്ങള്‍ ഏറെ മൂല്യവത്താണ്.
1995 ല്‍, ഒരു വ്യാഴവട്ടത്തെ സേവനത്തിനു ശേഷം കൂടുതല്‍ ആദ്ധ്യാത്മികമായ ജീവിതം നയിക്കാനുള്ള ഉള്‍വിളിയില്‍ വിപുലമായ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ ഒഴിഞ്ഞ് വിവേകാനന്ദ കേന്ദ്ര വേദിക് വിഷന്‍ ഫൗണ്ടേഷന്‍ എന്ന ഒരു ട്രസ്റ്റിന്റെ മാത്രം അധ്യക്ഷയും ഡയറക്ടറുമായി. ഇപ്പോള്‍ കേരളത്തില്‍ കൊടുങ്ങല്ലൂരിലെ ആനന്ദധാമത്തിലാണ് വാസം. യോഗം, ധ്യാനം, ഗീതാപഠനം, ശിബിരങ്ങള്‍ എന്നീ മാധ്യമങ്ങളിലൂടെ സമാജത്തിന് ഉണര്‍വ്വ് പകരുന്നു.
സ്വീകരിക്കുന്നതിനൊപ്പം കൊടുക്കാന്‍ സമൂഹവും ബാധ്യതസ്ഥമാണ്. നല്‍കുന്നവരുടെ നന്മകള്‍ മറ്റുള്ളവര്‍ക്ക് കൂടുതലായി നല്‍കുക എന്നതിനൊപ്പം നന്മനല്‍കുന്നവരെ കൂടുതല്‍പേര്‍ക്ക് കൂടുതല്‍ ആഴത്തില്‍ പരിചയപ്പെടുത്തുകയും സമൂഹത്തിന്റെ ദൗത്യമാണ്. അത് മാനിക്കലും ആദരിക്കലും ആഘോഷിക്കലുമുള്‍പ്പെടെ ഏതുരീതിയിലുമാകാം; കാലദേശമഭദമനുസരിച്ച്. സനാതനധര്‍മ്മപരിഷത്തിന്റെ ‘ധര്‍മ്മകീര്‍ത്തി,’ ബെംഗളൂരു സ്വാമി വിവേകാനന്ദ യോഗ സംസ്ഥാന്റെ ‘വിവേകാനന്ദപ്രതിഭ,’ 2017ലെ ‘അമൃതകീര്‍ത്തി,’ ‘സായീരത്ന,’ രേവതി പട്ടത്താനത്തിന്റെ മനോരമ തമ്പുരാട്ടി പുരസ്‌കാരം തുടങ്ങിയവ ദീദിയില്‍ എത്തിച്ചേര്‍ന്നത് അങ്ങനെയാണ്.
”… ഭാവിയിലെ ഹിന്ദുസ്ത്രീ ലോകത്തിന്റെ മാതൃകയായിരിക്കും” എന്ന് വിവേകാനന്ദ സ്വാമികള്‍ പ്രവചിച്ചത് ഭാരതത്തിലെ സ്ത്രീകളെയാകെക്കുറിച്ചാണ്, അവരിലെ ഹിന്ദുത്വം ആര്‍ഷഭാരതീയ ദര്‍ശനത്തിലൂന്നിയതാണ്. അത് ഇന്ന് ലോകമാകെ കണ്ടുകൊണ്ടിരിക്കുകയാണ്; ഏത് മേഖലയിലും. വനിതാ വിമോചനവും ലിംഗതുല്യതയുമൊന്നും ഇന്ന് ഭാരതത്തില്‍ ചര്‍ച്ചാ വിഷയമല്ല. ഭാരതവനിതകള്‍ സിന്ദൂര തിലകങ്ങളാവുകയാണ്.
ഭാരത യാത്രയ്‌ക്കിടെ സ്വാമികള്‍ കൊടുങ്ങല്ലൂരിലെത്തിയപ്പോള്‍ അവിടെ സംസ്‌കൃതത്തില്‍ സംഭാഷണം നടത്തുന്ന മഹിളകളെ കണ്ടതായി അനുഭവം പറഞ്ഞിട്ടുണ്ട്. ദീദിയുടെ ആസ്ഥാനം ഇപ്പോള്‍ കൊടുങ്ങല്ലൂരായത് യാദൃച്ഛികതയല്ല, മറ്റൊരു നിശ്ചയംതന്നെയാകണം.
സ്വാമികള്‍ ഭാരതത്തിന്റെ തെക്കേയറ്റത്ത് കടലിലെ പാറയില്‍, കരയിലെ കന്യാകുമാരീ ദേവിക്ക് അഭിമുഖമായാണ് ധ്യാനമിരുന്നത്. അവിടെ എത്തി ദേവിയെക്കണ്ട മഹാകവി അക്കിത്തം എഴുതിയ കവിതയുണ്ട്-‘മഹിഷാസുര മര്‍ദ്ദിനി.’ അതില്‍ ദേവിയെ, സര്‍വ്വസ്ത്രീകളുമായിത്തീരുന്ന കാഴ്ചയില്‍, കവി അവതരിപ്പിക്കുന്നുണ്ട്. ”…സീത, ഊര്‍മ്മിള, സാവിത്രി,/ദമയന്തി, ശകുന്തള,/പട്ടാളത്തില്‍ പോയവന്റെ/പത്നികൂടി അഹര്‍നിശം/ജീവിക്കുന്നു നിന്നില്‍…” എന്നാണ് പ്രസക്തഭാഗം. നവതിയിലെത്തിയ ‘ദീദി’ അങ്ങനെ സര്‍വ്വരുടെയും ദീദിയായി മാറുന്നു. നവതിപ്രണാമങ്ങള്‍.











