ന്യൂദല്‍ഹി: വ്യോമ പ്രതിരോധ രംഗത്ത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹ്രസ്വദൂര വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനത്തിന്റെ (വിഎസ്എച്ച്ഒആര്‍എഡിഎസ്) പരീക്ഷണം വിജയകരം. ഒഡീഷയിലെ ചാന്ദീപൂരില്‍ ഡിആര്‍ഡിഒ നടത്തിയ മൂന്ന് പരീക്ഷണങ്ങളും വിജയം കണ്ടു.
ശത്രുക്കളുടെ അതിവേഗ വിമാനങ്ങളെയും ഡ്രോണുകളെയും മിസൈലുകളെയും തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ഈ സംവിധാനം. ഉയര്‍ന്ന വേഗതയിലുള്ള ആളില്ലാ വിമാനങ്ങളെ (യുഎവി) പരീക്ഷണത്തില്‍ മിസൈല്‍ കൃത്യമായി തകര്‍ത്തു.
ആധുനിക യുദ്ധസാഹചര്യങ്ങളില്‍ ശത്രുവിന്റെ ആകാശ ഭീഷണികളെ ഫലപ്രദമായി നേരിടാന്‍ സൈന്യത്തിന് ഈ മിസൈലുകള്‍ കരുത്തേകും.
സൈനികര്‍ക്ക് അനായാസം കൊണ്ടുനടക്കാവുന്ന (മാന്‍- പോര്‍ട്ടബിള്‍ എയര്‍ ഡിഫന്‍സ് സിസ്റ്റം) രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഡിആര്‍ഡിഒയുടെ ഹൈദരാബാദിലെ റിസര്‍ച്ച് സെന്റര്‍ ഇമാറത്ത് (ആര്‍സിഐ) ആണ് മറ്റ് ലബോറട്ടറികളുടെയും ഭാരത വ്യവസായ പങ്കാളികളുടെയും സഹകരണത്തോടെ മിസൈല്‍ വികസിപ്പിച്ചത്.
പരീക്ഷണ വിജയത്തില്‍ ഡിആര്‍ഡിഒയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. രാജ്യം തദ്ദേശീയ സാങ്കേതികവിദ്യയില്‍ കൈവരിക്കുന്ന വന്‍ കുതിച്ചുചാട്ടമാണിതെന്നും, വൈകാതെ തന്നെ ഈ മിസൈലുകള്‍ സായുധ സേനയുടെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ പ്രതിരോധ മേഖലയില്‍ ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന ലക്ഷ്യത്തിലേക്കുള്ള മറ്റൊരു വലിയ ചുവടുവെപ്പായി ഈ വിജയം വിലയിരുത്തപ്പെടുന്നു.











