ഭാരതക്രിക്കറ്റ് ടീമിലെ അജയ് ശര്‍മ എന്ന മുന്‍ താരത്തെ അറിയാവുന്നവര്‍ ചുരുക്കമായിരിക്കും. പലരും ഇതൊരു ഭാരത താരമാണെന്ന് പോലും അറിയുന്നത് ഒരുപക്ഷേ അന്താരാഷ്‌ട്ര മത്സരങ്ങളിലെ പ്രകടനം കൊണ്ടായിരിക്കില്ല. മറിച്ച് 2000ല്‍ പുറത്തുവന്ന വ്യാപകമായ ഒത്തുകളിയില്‍ ഉള്‍പ്പെട്ടയാള്‍ എന്ന നിലയ്‌ക്കായിരിക്കും. 1988 മുതല്‍ 1998 വരെ നീണ്ട കരിയര്‍ വെറും ഒരു ടെസ്റ്റിലും 31 ഏകദിനങ്ങളിലും മാത്രമായി ചുരുങ്ങി. ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് മത്സരങ്ങളില്‍ നിന്നുള്ള നിരോധനം കാരണം ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്ന അജയ് ശര്‍മയ്‌ക്ക് കരിയര്‍ തുടരാനായില്ല. പിന്നീട് ദല്‍ഹി ഹൈക്കോടതി ഒത്തുകളി കേസില്‍ കുറ്റ വിമുക്തനാക്കിയത് 2014ലാണ്. അപ്പോഴേക്കും പ്രായം 50നോടടുത്തിരുന്നു. പിന്നീട് വര്‍ഷങ്ങളെടുത്താണ് പരിശീലകനായി കരിയര്‍ വീണ്ടും പൊടിതട്ടിയെടുക്കുന്നത്. രഞ്ജിയില്‍ വിവിധ ടീമുകളെ പരിശീലിപ്പിച്ചു. ഭാരതത്തിന് അണ്ടര്‍ 19 ലോക കിരീടം സമ്മാനിച്ച യാഷ് ധളിനെ പോലുള്ള താരങ്ങളെ വളര്‍ത്തി.
ഏകാധിപതിയില്‍ നിന്ന് അജുഭായി ആയിമാറി
ജമ്മു കശ്മീര്‍ കോച്ചായിരുന്ന സഞ്ജീവ് ശര്‍മയ്‌ക്ക് പകരമായി 2022ലാണ് അജയ് ചുമതലയിലേക്കെത്തുന്നത്. വളരെ കണിശക്കാരനായിരുന്ന അജയ് ശര്‍മ എന്ന പരിശീലകനെ പരിചയ സമ്പന്നരായ താരങ്ങള്‍ ഉള്‍പ്പെടെ കടുത്ത ഏകാധിപതിയെ പോലെയാണ് കണ്ടത്. താര സംസ്‌കാരത്തെ വെടിഞ്ഞ് അദ്ധ്വാനിക്കാന്‍ മിനക്കെടുന്ന ശൈലിയിലേക്കാണ് അജയ് ശര്‍മ തിരിഞ്ഞത്. റെഡ് ബോള്‍ ക്രിക്കറ്റിനെ മുന്‍നിര്‍
ത്തിയാണ് പുതിയ പരിശീലകന്‍ ടീമിനെ പതുക്കെ പാകപ്പെടുത്താന്‍ തുടങ്ങി. മാസങ്ങള്‍ പിന്നിടുമ്പോള്‍ താരങ്ങളുടെ പ്രിയ അജു ഭായിയായി അദ്ദേഹം മാറി. പരിശീലകനും ടീം അംഗങ്ങളും നല്ല താളത്തില്‍ ഇണങ്ങി ചേര്‍ന്നതോടെ മത്സരങ്ങളിലും അതിന്റെ പ്രതിഫലനം കണ്ടു തുടങ്ങി. കഴിഞ്ഞ സീസണിന്റെ ഗ്രൂപ്പ് സ്റ്റേജില്‍ ഞെട്ടിക്കുന്ന പ്രകടനത്തോടെ ഗ്രൂപ്പ് ജേതാക്കളായി മുന്നേറി. പക്ഷെ ക്വാര്‍ട്ടറിനപ്പുറം കടന്നില്ല. വഴി മുടക്കിയത് കേരളമായിരുന്നു.
വീഴ്‌ച്ചകളെ അതിജീവിച്ച പരിശീലകന് കീഴില്‍ ടീമും
കരുത്താര്‍ജ്ജിച്ചു
കേരളത്തിന് മുന്നില്‍ പരാജയപ്പെട്ട് കഴിഞ്ഞ സീസണില്‍ ജമ്മു കശ്മീര്‍ പുറത്തായെങ്കിലും അജയ് ശര്‍മയും പിള്ളേരും തളര്‍ന്നില്ല, നിരാശരായില്ല, മടികാട്ടിയില്ല. ഈ സീസണിലേക്കായി തയ്യാറെടുപ്പുകള്‍ തുടങ്ങി. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം മുതല്‍ ഒരു പരീക്ഷണ ഘട്ടമായി കണ്ടു. ഒടുവില്‍ ഇന്നലത്തെ ചരിത്ര നേട്ടത്തിലേക്ക് ടീമിനെ കൈപിടിച്ചുയര്‍ത്തുന്നത് വരെ ആ പുതിയ റോള്‍ എത്തിനില്‍ക്കുന്നു.
അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഒന്നുമാകാന്‍ സാധിച്ചില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റിക്കാര്‍ഡ് ആണ് അജയ് ശര്‍മയുടെ പേരിലുള്ളത്. 129 മത്സരങ്ങളില്‍ കളിച്ചു. 10,120 റണ്‍സെടുത്തു. 38 സെഞ്ചുറികള്‍. ഓള്‍ റൗണ്ട് മികവ് പുലര്‍ത്തിയിരുന്ന ശര്‍മയുടെ പേരില്‍ 87 വിക്കറ്റുകളും ആഭ്യന്തര ക്രിക്കറ്റിലുണ്ട്.











