പഴനി: നടി വിഷ്ണുപ്രിയയുടെ പിതാവും പ്രമുഖ വ്യവസായിയുമായ സൂര്യനാരായണനെ (73) കൊലപ്പെടുത്തിയ കേസിൽ ഒൻപത് പ്രതികളെ കൊടൈക്കനാൽ പോലീസ് പിടികൂടി. ചെന്നൈ സ്വദേശികളായ ശ്യാം, ഗോകുൽനാഥ്, രഞ്ജിത്ത്, കൃഷ്ണപ്രസാദ്, അക്ഷയ നടരാജ്, കാർത്തി, കിരൺ എന്നിവരും കിരണിന്റെ അമ്മ ഗിരിജ, കോട്ടേജ് ജീവനക്കാരനായ അറുമുഖം എന്നിവരാണ് അറസ്റ്റിലായത്.
ചെന്നൈയിൽ സൂര്യനാരായണന്റെ പേരിലുള്ള കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൈക്കലാക്കുക എന്നതായിരുന്നു പ്രതികളുടെ പ്രധാന ലക്ഷ്യം. ഇതിനായി അദ്ദേഹത്തിന്റെ വിശ്വസ്തയായ സഹായി ഗിരിജയെയും മകൻ കിരണിനെയും ഉപയോഗിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് കണ്ടെത്തി.
കഴിഞ്ഞ 21-ന് പ്രതികൾ ടൂറിസ്റ്റുകളെന്ന് പറഞ്ഞ് സൂര്യനാരായണന്റെ കോട്ടേജിൽ താമസിക്കുകയായിരുന്നു. രാത്രിയിൽ ജീവനക്കാരെയും സൂര്യനാരായണനെയും വെവ്വേറെ മുറികളിൽ കെട്ടിയിട്ടു. വായ പ്ലാസ്റ്റർകൊണ്ട് മൂടിക്കെട്ടിയതിനാൽ ശ്വാസം കിട്ടാതെ സൂര്യനാരായണൻ മരിച്ചു. രക്ഷപ്പെട്ട ഒരു തൊഴിലാളി കൊടൈക്കനാൽ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തിയപ്പോഴേക്കും സൂര്യനാരായണൻ മരിച്ചിരുന്നു.
ബംഗ്ലാവിൽനിന്നും സ്വർണ്ണാഭരണങ്ങൾ, പണം, സിസിടിവി ഡിസ്കുകൾ എന്നിവയും മോഷണം പോയിട്ടുണ്ട്. ദിണ്ടിക്കൽ എസ്.പി.യുടെ നിർദേശപ്രകാരം വിവിധ സംഘങ്ങളായി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടിച്ചത്. മഹേന്ദ്രനെന്ന ഒരു പ്രതിയെക്കൂടി കിട്ടാനുണ്ടെന്ന് പോലീസ് പറയുന്നു.











