ന്യൂഡൽഹി ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനത്തിനെതിരെ പാകിസ്ഥാൻ .പാകിസ്ഥാൻ മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും നിരവധി പ്രസ്താവനകൾ ഇറക്കിയിട്ടുണ്ട്. ഇന്ത്യയും, ഇസ്രായേലും തമ്മിലുള്ള വളർന്നുവരുന്ന തന്ത്രപരമായ ബന്ധങ്ങളിൽ പാകിസ്ഥാൻ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയുടെ ഭാഗമായി പ്രധാനമന്ത്രി മോദി ഇസ്രായേൽ പാർലമെന്റായ നെസ്സെറ്റിനെ അഭിസംബോധന ചെയ്തിരുന്നു . പാകിസ്ഥാനും, ഹമാസിനുമെതിരെ രൂക്ഷമായ പ്രതികരണമാണ് മോദിയുടെ ഭാഗത്ത് നിന്നുണ്ടായത്.
ഇന്ത്യയുമായും മറ്റ് രാജ്യങ്ങളുമായും പ്രാദേശിക സഖ്യങ്ങൾ രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള നെതന്യാഹുവിന്റെ പരാമർശങ്ങളെ അപലപിച്ചുകൊണ്ട് പാകിസ്ഥാൻ സെനറ്റ് ഏകകണ്ഠമായി പ്രമേയവും പാസാക്കി. ഈ പരാമർശങ്ങൾ മുസ്ലീം രാജ്യങ്ങൾക്കെതിരായതാണെന്ന് പാകിസ്ഥാൻ പ്രസ്താവനയിൽ പറയുന്നു . ഇസ്രായേൽ അന്താരാഷ്‌ട്ര നിയമം ലംഘിക്കുകയാണെന്നും ഇന്ത്യയുമായുള്ള വളർന്നുവരുന്ന സഖ്യം മുസ്ലീം ഐക്യം തകർക്കാനുള്ള ശ്രമമാണെന്നും സെനറ്റ് ആരോപിച്ചു.
പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഹെക്‌സഗൺ പ്രസ്താവനയാണ് വിവാദത്തിന് പ്രധാന കാരണമെന്ന് പറയപ്പെടുന്നു . പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന് മുമ്പുള്ള മന്ത്രിസഭാ യോഗത്തിൽ തന്നെ ഇസ്രായേൽ ഒരു ഹെക്‌സഗൺ സഖ്യം രൂപീകരിക്കുകയാണെന്ന് നെതന്യാഹു പറഞ്ഞിരുന്നു. ഇന്ത്യ, അറബ് രാജ്യങ്ങൾ, മറ്റ് ചില രാജ്യങ്ങൾ എന്നിവയുമായി ചേർന്ന് ഒരു സംഘം രൂപീകരിക്കുന്നുണ്ടെന്നും അവർ റാഡിക്കൽ ശക്തികളെ, പ്രത്യേകിച്ച് ഇറാനെയും അവരുടെ സഖ്യകക്ഷികളെയും, ചെറുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ സഖ്യത്തെ പ്രാദേശിക സമാധാനത്തിനും ആഗോള സ്ഥിരതയ്‌ക്കും ഭീഷണിയായി പാകിസ്ഥാൻ നിർദ്ദേശം വിശേഷിപ്പിച്ചു. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളെ വേർപെടുത്താൻ ഇസ്രായേൽ ശ്രമിക്കുന്നുവെന്നും പാകിസ്ഥാൻ ആരോപിച്ചു.
നെതന്യാഹുവിന്റെ പ്രസ്താവനയെയും, മോദിയുടെ സന്ദർശനത്തെയും പാകിസ്ഥാൻ തങ്ങൾക്കും മുസ്ലീം രാജ്യങ്ങൾക്കും എതിരായ ഗൂഢാലോചനയാണെന്നാണ് വിശേഷിപ്പിച്ചത്. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയിലെ സെനറ്റർ പൽവാഷ ഖാനാണ് പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യയും മറ്റ് രാജ്യങ്ങളുമായും സഹകരിച്ച് ഇസ്രായേൽ മുസ്ലീം രാജ്യങ്ങളെ ലക്ഷ്യമിടുന്നുവെന്നും ഇത് പ്രാദേശിക സമാധാനത്തിന് ഭീഷണിയാണെന്നും പ്രമേയത്തിൽ പറയുന്നു. ഇസ്രായേൽ അന്താരാഷ്‌ട്ര നിയമം ലംഘിക്കുന്നുണ്ടെന്നും ഇന്ത്യയുമായുള്ള സഖ്യം മുസ്ലീം ഐക്യത്തെ തകർക്കാനുള്ള ശ്രമമാണെന്നും സെനറ്റ് ആവർത്തിച്ചു.
ഇന്ത്യ-ഇസ്രായേൽ പങ്കാളിത്തത്തെ പാകിസ്ഥാനും ചൈനയ്‌ക്കുമെതിരായ തന്ത്രപരമായ ഒരു കേന്ദ്രബിന്ദുവായാണ് പാക് മാധ്യമങ്ങൾ അവതരിപ്പിച്ചത്. അതേസമയം തുർക്കിയെ ഒപ്പം ചേർത്ത് ഇസ്രായേലിനും , ഇന്ത്യയ്‌ക്കുമെതിരെ നീങ്ങാൻ പാകിസ്ഥാൻ ശ്രമിക്കുന്നുവെന്നും സൂചനയുണ്ട്.
















