ന്യൂദല്‍ഹി: ഭീകരവാദ ഭീഷണികള്‍ നേരിടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഹാര്‍ എന്ന പേരില്‍ ആദ്യ ദേശീയ ഭീകരവിരുദ്ധ നയം പ്രഖ്യാപിച്ചു. രാജ്യത്തിനുനേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ ശക്തമായി നേരിടാനും ഭീകരരുടെ സാമ്പത്തിക സ്രോതസുകള്‍ തടയാനും നയം ലക്ഷ്യമിടുന്നു. ഭീകരവാദത്തിന്റെ അടിവേരറുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ദേശീയ ഭീകരവിരുദ്ധ നയം പുറത്തിറക്കിയത്.
ഭീകരതയുടെ എല്ലാ രൂപത്തെയും കുറ്റകരമായി കണ്ടുകൊണ്ട് വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് നയത്തില്‍ വ്യക്തമാക്കുന്നു. ചില രാജ്യങ്ങള്‍ ഭീകരവാദത്തെ ഉപകരണമായി കാണുന്നുണ്ട്. അതിര്‍ത്തി കടന്നുള്ള വെല്ലുവിളികളെയും ശക്തമായി പ്രതിരോധിക്കും. സൈബര്‍ ആക്രമണങ്ങള്‍, ഡ്രോണുകളുടെ ദുരുപയോഗം, ഡിജിറ്റല്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തുടങ്ങിയ ആധുനികഭീഷണികളെ നേരിടാനും ലക്ഷ്യമിട്ടുള്ളതാണ് നയം.
ഭീകരവാദത്തെ ഭാരതം ഏതെങ്കിലും മതമോ ദേശീയതയോ സമുദായമോ ആയി ബന്ധിപ്പിക്കുന്നില്ല. ഭീകരാക്രമണങ്ങളെ ഒരു കാരണവശാലും ന്യായീകരിക്കാന്‍ കഴിയില്ല. ഭീകരതയെ ഒരു രൂപത്തിലും അംഗീകരിക്കില്ലെന്നും നയത്തില്‍ വ്യക്തമാക്കുന്നു. ജിഹാദി ഭീകര സംഘടനകളും അവയുടെ അനുബന്ധ സ്ഥാപനങ്ങളും ഭാരതത്തിനെതിരായ നീക്കങ്ങള്‍ തുടരുകയാണ്. അല്‍ ഖ്വയിദാ, ഐഎസ്ഐഎസ് തുടങ്ങിയ ആഗോള ഭീകര സംഘടനകള്‍ സ്ലീപ്പര്‍ സെല്ലുകള്‍ വഴി ഭാരതത്തില്‍ അക്രമത്തിന് പ്രേരിപ്പിക്കുന്നു. വിദേശരാജ്യങ്ങളില്‍ ഇരുന്ന് ഭീകരവാദികള്‍ ഗൂഢാലോചന നടത്തുന്നതായും നയത്തില്‍ പറയുന്നു. ഭീകരവാദത്തെ നേരിടുന്നതില്‍ സ്വീകരിക്കേണ്ട നടപടികളും പൊതുജനപങ്കാളിത്തവും വിശദമാക്കിയാണ് പുതിയ നയം പുറത്തിറക്കുന്നത്. ഭീകരക്കേസുകളിലെ നിയമനടപടികളെ കുറിച്ചും നയത്തില്‍ പരാമര്‍ശിക്കുന്നു.
















