അനേകം വിചിത്ര കാര്യങ്ങളുള്ള ആമസോണിലെ വലിയൊരു ദുരൂഹതയാണ് മാപിൻഗാരി. ഏഴടിയോളം നീളവും ചുവന്ന രോമക്കുപ്പായവും നീണ്ട നഖങ്ങളുമൊക്കെയുള്ള ജീവിയായിട്ടാണ് ആമസോണിലെ ഗോത്രക്കാർ ഈ ജീവിയെ വിശേഷിപ്പിക്കുന്നത്.
ഇതിന്റെ വയറ്റിൽ ഒരു വലിയ വായുണ്ടെന്നാണ് അവരുടെ വിശ്വാസം. ഇതു മരങ്ങളും ചെടികളും കുത്തിമറിച്ചിടുമെന്നും അവർ പറയുന്നു. മറ്റൊരു സവിശേഷത ഇതിന്റെ ദേഹത്തുനിന്ന് ഉടലെടുക്കുന്ന അസഹ്യമായ ദുർഗന്ധമാണ്. ഈ ദുർഗന്ധം മൂലം ഇതുവരുന്നത് ദൂരെ നിന്നുതന്നെ അറിയാമെന്നും അവർ വിശ്വസിക്കുന്നു.
മാപിൻഗാരി ഉണ്ടെന്നുള്ളതിന് ശാസ്ത്രീയ തെളിവുകളില്ല. എന്നാൽ ഇതിന്റെ കഥ സംബന്ധിച്ച് ഒരു സാധ്യത ശാസ്ത്രജ്ഞർ മുന്നോട്ടുവയ്‌ക്കുന്നുണ്ട്. അമേരിക്കൻ വൻകരകളിലെ കാടുകളിലുള്ള ഒരുതരം ജീവിവർഗമാണ് സ്ലോത്ത്.പതിനായിരത്തിലധികം വർഷങ്ങൾ മുൻപ് അപാരവലുപ്പമുണ്ടായിരുന്ന ജയന്റ് ഗ്രൗണ്ട് സ്ലോത്ത് എന്നൊരു ജീവി ആമസോണിൽ ജീവിച്ചിരുന്നു.
ഇന്നത്തെ ഗോത്രക്കാരുടെ പൂർവികർ പണ്ട് ഇവയെ കണ്ടുമുട്ടിക്കാണും. ഈ ഓർമ ഒരു കെട്ടുകഥയായി പിൻതലമുറകളിലേക്കു പ്രചരിച്ചതാകാമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ ജയന്റ് ഗ്രൗണ്ട് സ്ലോത്ത് വംശനാശം വന്നു മറഞ്ഞില്ലെന്നും അവ ഇന്നും ആമസോൺ കാടുകളിലെവിടെയോ രഹസ്യമായി ജീവിക്കുന്നുണ്ടെന്നും ചില ശാസ്ത്രജ്ഞർ വിശ്വസിക്കുന്നുണ്ട്.












