തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപകര്‍ക്ക് കെ-ടെറ്റ് യോഗ്യത നിര്‍ബന്ധമാക്കുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതിയുടെ 2025 സെപ്റ്റംബറിലെ വിധി നടപ്പിലാക്കിക്കൊണ്ട് അധ്യാപകരുടെ സേവനവും ശമ്പളവും സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിച്ചു. 2012ന് മുമ്പ് നിയമിതരായ അധ്യാപകര്‍ക്ക് മുമ്പ് നല്‍കിയിരുന്ന ഇളവുകള്‍ സുപ്രീം കോടതി നിരാകരിക്കുകയും കെ-ടെറ്റ് യോഗ്യതയില്ലാത്തവരെ സര്‍വീസില്‍ നിന്ന് നീക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഏകദേശം 20,000ത്തോളം അധ്യാപകരെയും അവരുടെ കുടുംബങ്ങളെയും ബാധിക്കുന്ന വിഷയമായതിനാല്‍ കോടതി വിധി മാനിച്ചുകൊണ്ട് തന്നെ മാനവിക പരിഗണനയോടെ സര്‍ക്കാര്‍ ഇടപെടുകയാണെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
വിധി പ്രകാരം കെ-ടെറ്റ് നേടാന്‍ രണ്ട് വര്‍ഷത്തെ സമയം അനുവദിച്ചിരിക്കുന്നതിനാല്‍ ആ കാലയളവില്‍ ശമ്പളമില്ലാതെ ജോലി ചെയ്യിപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന നിലപാടിലാണ് സര്‍ക്കാര്‍. അതിനാല്‍ 2025 സെപ്റ്റംബര്‍ 1ന് മുന്‍പ് നിയമനം ലഭിച്ചവരും നെറ്റ്, സെറ്റ്, എം.ഫില്‍, പി.എച്ച്.ഡി. പോലുള്ള സമാന യോഗ്യതകളുള്ളവരുമായ അധ്യാപകര്‍ക്ക് രണ്ട് വര്‍ഷത്തിനുള്ളില്‍ കെ-ടെറ്റ് പാസാക്കണമെന്ന വ്യവസ്ഥയില്‍ ശമ്പള സ്‌കെയിലില്‍ താത്കാലിക അംഗീകാരം നല്‍കാന്‍ തീരുമാനിച്ചു. സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയ ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.













