തിരുവനന്തപുരം: നഗരത്തിലെ ഷോപ്പിംഗ് മാളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് മര്‍ദിച്ച പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതില്‍ സേനയില്‍ വന്‍ പ്രതിഷേധം. പൊലീസുകാരനെ വളഞ്ഞിട്ടാക്രമിച്ചത് അപമാനകരമാണെന്ന് പൊലീസ് അസോസിയേഷന്‍ കുറ്റപ്പെടുത്തി.അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പിറക്കിയതിന് പുറമെ സുരേഷ് ഗോപി നായകനായ ദ കമ്മീഷണര്‍ സിനിമയിലെ മാസ് ഡയലോഗ് സാമൂഹിക മാധ്യമങ്ങളില്‍ സ്റ്റാറ്റസ് ആക്കിയാണ് പൊലീസുകാര്‍ അവരുടെ അമര്‍ഷം പ്രകടിപ്പിക്കുന്നത്. മിക്ക പൊലീസുകാരുടെയും സാമൂഹിക മാധ്യമങ്ങളിലെ സ്റ്റാറ്റ്‌സ് സുരേഷ് ഗോപിയുടെ ഈ സംഭാഷണമാണ്.
സുരേഷ് ഗോപി അവതരിപ്പിച്ച ഭരത് ചന്ദ്രന്‍ ഐപിഎസ് പറയുന്നതാണ് ഡയലോഗ്.മോഹന്‍തോമസിന്റെ ഉച്ഛിഷ്ടവും എന്ന് പറഞ്ഞ് തുടങ്ങുന്ന സംഭാഷണം റീലായി കട്ട് ചെയ്ത് വ്യാപകമായി പൊലീസുകാര്‍ സാമൂഹിക മാധ്യമങ്ങളിലും വാട്‌സ്ആപ്പുകളിലും സ്റ്റാറ്റസ് ആക്കി. കാക്കിയിട്ടവനുനേരെ കയ്യോങ്ങിയാല്‍ തനിക്ക് നോവില്ല, കൂട്ടത്തിലൊരുത്തന്‍ ചങ്കുപൊട്ടി ചോരയൊലുപ്പിച്ച് നിന്നാലും തനിക്ക് നോവില്ല എന്ന് മേലുദ്യോഗസ്ഥനെ ചൂണ്ടി സുരേഷ് ഗോപി പറയുന്ന ഭാഗം മുതല്‍ ജസ്റ്റ് റിമംബര്‍ ദാറ്റ് എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്ന ഭാഗംവരെയാണ് കട്ട് ചെയ്ത് പശ്ചാത്തല സംഗീതം നല്‍കി പ്രചരിപ്പിക്കുന്നത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ കാര്‍ത്തിക്കിനെ ലക്ഷ്യമിട്ടാണ് ഈ റീല്‍ പ്രചരിപ്പിക്കുന്നത്. കമ്മീഷണര്‍ സിപിഎം സമ്മര്‍ദ്ദത്തിന് വഴങ്ങി. പൊതുയിടത്തില്‍ കൂട്ട മര്‍ദനത്തിന് ഇരയായ പൊലീസുകാരന്‍ മിഥുന്‍ റോയിക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്നാണ് ആരോപണം. മിഥുനെയും ഒപ്പമുണ്ടായിരുന്ന സഹോദരിയേയും കേസില്‍ പ്രതിയാക്കി.
മിഥുനെയും സഹോദരിയെയും പിന്തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അസഭ്യം പറയുന്നതും പ്രകോപിക്കുന്നതും പുറത്ത് വന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിന് പിന്നാലെയാണ് വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നത്. ഇത്രയും ദൃശ്യങ്ങള്‍ ഉണ്ടായിട്ടും മുന്‍കൂട്ടി ആസൂത്രണം ചെയ്ത് മിഥുനും സഹോദരിയും ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് എഫ് ഐ ആറില്‍ ഉളളത്. ഇടി വള കൊണ്ട് നെഞ്ചിലും മുതുകിലും ഇടിച്ചെന്നും എസ് എഫ് ഐ പ്രവര്‍ത്തകരെ അടിച്ച് കൊല്ലാന്‍ സഹോദരി വിളിച്ചു പറഞ്ഞെന്നും എഫ് ഐ ആറില്‍ പറയുന്നു. അതേസമയം, മിഥുന്‍ നല്കിയ പരാതിയില്‍ എസ് എഫ് ഐക്കാര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമാണ് ചുമത്തിയത്.
പുതുവത്സര രാവില്‍ ശംഖുംമുഖത്ത് സമയപരിധി കഴിഞ്ഞും ഡി ജെ പാര്‍ട്ടി തുടര്‍ന്നതിനെ ചോദ്യം ചെയ്ത പൊലീസ് സംഘത്തില്‍ മിഥുന്‍ റോയിയും ഉള്‍പ്പെട്ടിരുന്നു.അന്ന് എസ് എഫ് ഐ പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചതിന് പ്രതികാരമായാണ് ഇപ്പോഴത്തെ തിരിച്ചടി.
















