നെടുമ്പാശേരി : കാർ വാങ്ങിയപ്പോൾ
വമ്പൻ സമ്മാനങ്ങളും ഓഫറും ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് പണം തട്ടിയ സംഘം പിടിയിൽ. ദൽഹി സ്വദേശികളായ മുഹമ്മദ് സാദ് സൈഫി (ഷാൻ ചൗധരി 23), ഗഗൻ ഖുറാന (22), രാഹുൽ കുമാർ (28), രവി പ്രജാപതി (25), യു.പി സ്വദേശികളായ ഷിതിജ് സെംഗാർ ( യുവരാജ് സിംഗ് 25), ആയുഷ് മന്ത്യാൻ (26) ഹർഷ് വർധൻ സിംഗ് ചൗഹാൻ (26), വെസ്റ്റ് ബംഗാൾ സ്വദേശി അസിഫ് ജമാൽ (34) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്.
യൂറോപ്യൻ രാജ്യങ്ങളിൽ കുടുംബസമേതം വിനോദയാത്ര പോകുന്നതിന് സ്പെഷൽ ഡിസ്ക്കൗണ്ട് പാക്കേജും, ഗിഫ്ട് വൗച്ചറുകളും, നൽകുന്നുവെന്ന് പറഞ്ഞ് പ്രലോഭിച്ച് കടുങ്ങല്ലൂർ സ്വദേശിയായ 61കാരനാണ് കബളിപ്പിക്കപ്പെട്ടത്. ഫോൺ വഴിയാണ് സംഘം ബന്ധപ്പെട്ടത്. ‘വമ്പൻ ഓഫർ ‘ ലഭ്യമാകുന്നതിന് ആറ് ലക്ഷത്തി ആയിരം രൂപയാണ് ആവശ്യപ്പെട്ടത്. മുൻകൂറായി 3 ലക്ഷം രൂപ കൊടുക്കണം എന്നു പറഞ്ഞു. മൂന്ന് ലക്ഷം കൊടുത്താൽ കൂടുതൽ ഇളവ് ലഭ്യമാകുമെന്നും പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തിൽ ഒന്നര ലക്ഷം രൂപ നൽകി. ഇതു സംബന്ധിച്ച് കൂടിക്കാഴ്ച നടന്നത് നെടുമ്പാശേരിയിലെ ഹോട്ടലിലാണ്. പണം നൽകിയിട്ടും വിവരമൊന്നും ലഭ്യമാകാത്തതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.
എടത്തലയിൽ നിന്നാണ് സംഘത്തെ പിടികൂടിയത്. ഇൻസ്പെക്ടർ ആർ.രാജേഷ്, എസ്.ഐമാരായ എസ്.എസ് ശ്രീലാൽ, അനൂപ് ടി, സീനിയർ സി.പി.ഒ വി.പി ജിൻ്റോ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
















