
കോട്ടയം: വീട്ടിലെ ആവിശ്യത്തിന് കൊണ്ടുവന്ന പൂവ് ബസിൽ നിന്നും സ്വന്തമായി ഇറക്കിയതിന് നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു പ്രവർത്തകരുടെ ഭീഷണി. കോട്ടയം ജില്ലയിലെ ഒരു പ്രമുഖ കോളജിലെ അധ്യാപകനെയാണ് സിഐടിയു പ്രവർത്തകർ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയത്. മന്ത്രി വി എൻ വാസവന്റെ പേഴ്സണൽ സ്റ്റാഫ് പി കെ രാജനും ജില്ലയിലെ സിപിഎമ്മിന്റെ പ്രമുഖ നേതാവും ഇടപെട്ടെങ്കിലും പിന്മാറാൻ സിഐടിയു പ്രവർത്തകർ പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ സിഐടിയു പ്രവർത്തകർ ആവശ്യപ്പെട്ട പണം നൽകിയാണ് അധ്യാപകൻ പൂവുമായി മടങ്ങിയത്.
ഇന്നു രാവിലെ കോട്ടയം ബേക്കർ ജംഗ്ഷനിലാണ് സംഭവം. വീട്ടിലെ ആവശ്യത്തിനായാണ് അധ്യാപകൻ പൂവ് ബെംഗളുരുവിൽ നിന്നും ഓർഡർ ചെയ്തത്. ഇന്നു രാവിലെ ബേക്കർ ജംഗ്ഷനിലെത്തിയ ബസിൽ നിന്നും മൂന്നു ബാഗ് പൂവുകളിൽ രണ്ടു ബാഗ് അധ്യാപകൻ തന്റെ വാഹനത്തിൽ എടുത്തുവെച്ചു. ഇതോടെയാണ് സിഐടിയു പ്രവർത്തകർ മൂന്നാമത്തെ ബാഗ് പൂവ് പിടിച്ചുവെച്ചത്. ഇവിടെ ലോഡ് ഇറക്കാൻ തങ്ങൾക്ക് മാത്രമാണ് അധികാരമെന്നും പണം നൽകിയാൽ മാത്രമേ മൂന്നാമത്തെ പൂ അടങ്ങിയ ബാഗ് വിട്ടുനൽകൂ എന്നും സിഐടിയു പ്രവർത്തകർ നിലപാടെടുത്തു.
തന്റെ വീട്ടിലെ ആവശ്യത്തിനുള്ള പൂവാണെന്നും തനിച്ച് എടുക്കാൻ പറ്റുന്ന ബാഗ് ആണെന്നും അധ്യാപകൻ പറഞ്ഞെങ്കിലും സിഐടിയു പ്രവർത്തകർ വഴങ്ങിയില്ല. ഇതോടെയാണ് അധ്യാപകൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ രാജനെയും ജില്ലയിലെ പ്രമുഖ സിപിഎം നേതാവ് ടി ആർ രഘുനാഥി നെയും വിളിച്ചത്.
മന്ത്രി വി എൻ വാസവന്റെ വ്യക്തിപരമായി അറിയുന്ന ആളായിരുന്നു അധ്യാപകൻ. അതിനാലാണ് അധ്യാപകൻ മന്ത്രി വാസവന്റെ പേഴ്സണൽ സ്റ്റാഫിനെ ബന്ധപ്പെട്ടത്. ഇതോടെ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ രാജൻ സംഘത്തിലുണ്ടായിരുന്ന മനോജ് എന്ന സിഐടിയു പ്രവർത്തകനോട് ഫോണിൽ സംസാരിച്ചു.
എന്നാൽ, മന്ത്രിയല്ല, പിണറായി വിജയൻ പറഞ്ഞാലും തങ്ങൾ പണം വാങ്ങുമെന്നായിരുന്നു ഇയാളുടെ മറുപടി. ഇതിനു പിന്നാലെയാണ് സിപിഎം നേതാവ് സിഐടിയു പ്രവർത്തകരോട് സംസാരിച്ചത്. എന്നാൽ, അപ്പോഴും സിഐടിയു പ്രവർത്തകർ തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നു.പിന്നാലെ സിപിഎം നേതാവ് സിഐടിയു പ്രവർത്തകരുമായി സംസാരിച്ചെങ്കിലും അവർ പിന്മാറാൻ തയ്യാറായില്ല. തുടർന്ന് സംഘം അധ്യാപകനെ ഭീഷണിപ്പെടുത്തുകയായിരുന്നു. പണം നൽകിയാൽ മാത്രമേ പൂവ് വിട്ടുനൽകൂ എന്നും പണം നൽകിയില്ലെങ്കിൽ വിവരമറിയും എന്നുമായിരുന്നു ഭീഷണി. ഭീഷണി കയ്യാങ്കളിയുടെ വക്കിലെത്തിയതോടെ സിഐടിയുക്കാർക്ക് അവർ ആവശ്യപ്പെട്ട പണം നൽകി അധ്യാപകൻ പൂവുമായി രക്ഷപെടുകയായിരുന്നു.
ബാംഗ്ലൂർ ഉൾപ്പെടെയുള്ള കേരളത്തിന് പുറത്തുള്ള നഗരങ്ങളിൽ നിന്നും വരുന്ന ഇത്തരം യാത്രാ വാഹനങ്ങളെല്ലാം ബേക്കർ ജംഗ്ഷനിലാണ് നിർത്തുന്നത്. ഇവിടെ എത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരെ ഇത്തരത്തിൽ ഭീഷണിപ്പെടുത്തി പണം തട്ടുന്നുണ്ട് എന്ന പരാതി വ്യാപകമാണ്. എന്നാൽ, പലപ്പോഴും പുലർച്ചെ പോലും വലിയ തർക്കങ്ങൾ ഉണ്ടാകുമ്പോഴും പൊലീസ് ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാറില്ലെന്ന പരാതിയും ഉയരാറുണ്ട്.
ഇക്കാര്യങ്ങൾ ഉൾപ്പെടെ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്താനായിരുന്നു അധ്യാപകൻ ശ്രമിച്ചതെങ്കിലും അതിനും ഫലമുണ്ടായില്ല.സംസ്ഥാനത്ത് 2018ലാണ് നോക്കുകൂലി നിരോധിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് നോക്കുകൂലി നിരോധിച്ച് തൊഴിൽ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതനുസരിച്ച് ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നത് ഉൾപ്പെടെയുള്ള തൊഴിൽ മേഖലയിലെ അനാരോഗ്യകരമായ പ്രവണതകളെയെല്ലാം നിരോധിച്ചിരുന്നു.