ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂരിലെ ദയനീയ പരാജയത്തിന് ശേഷം പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ ഗൂഢാലോചനകൾ മെനയുന്നതിന്റെ തിരക്കിലാണ്. ജനാധിപത്യവിരുദ്ധമായ ബംഗ്ലാദേശ് സർക്കാരിനെ ഇന്ത്യയ്‌ക്കെതിരെ പ്രേരിപ്പിക്കുക മാത്രമല്ല ബലൂചിസ്ഥാനിലെ കലാപത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു.
പാകിസ്ഥാൻ സൈന്യം, ഐഎസ്‌ഐ, ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള റബ്ബർ സ്റ്റാമ്പ് സർക്കാർ എന്നിവ സ്വന്തം പ്രവിശ്യകളെ നിയന്ത്രിക്കാൻ കഴിയാത്തവിധം ദുർബലമായിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അവർ ഇന്ത്യയെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുകയാണ്. പാകിസ്ഥാനിലെ നാല് പ്രവിശ്യകളിൽ പഞ്ചാബ് ഒഴികെയുള്ളവയെല്ലാം കലാപത്തിൽ മുങ്ങിയിരിക്കുകയാണ്. ബലൂചിസ്ഥാനിലും ഖൈബർ പഖ്തൂൺഖ്വയിലും തീവ്രവാദം അതിന്റെ ഉച്ചസ്ഥായിയിലാണ്. ഇപ്പോൾ പരാജയങ്ങൾ മറച്ചുവെക്കാൻ പാകിസ്ഥാൻ സൈന്യം ഇന്ത്യയെ നിരന്തരം കുറ്റപ്പെടുത്തുന്നുണ്ട്.
അടുത്തിടെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്നും ശേഷിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റുകളിൽ പങ്കെടുക്കുമെന്നും പാകിസ്ഥാൻ സർക്കാർ പ്രഖ്യാപിച്ചു. ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ വിസമ്മതിച്ചതിനാൽ ഇതിനകം ടൂർണമെന്റിൽ നിന്ന് പുറത്തായ ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനാണ് പാകിസ്ഥാൻ ഈ നടപടി സ്വീകരിച്ചത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അവരുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റാൻ അഭ്യർത്ഥിച്ചു, എന്നാൽ ഐസിസി അവരുടെ അഭ്യർത്ഥന നിരസിച്ചു. ബംഗ്ലാദേശ് സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി, എന്നാൽ ഇന്ത്യയിൽ ബംഗ്ലാദേശ് ദേശീയ ടീമിന് വിശ്വസനീയമോ പരിശോധിക്കാവുന്നതോ ആയ സുരക്ഷാ ഭീഷണി ഇല്ല എന്ന് ഐസിസി തിരിച്ചടിച്ചു.
അതേസമയം ബലൂചിസ്ഥാനിലെ ആക്രമണങ്ങൾക്ക് ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്ഥാൻ ആഭ്യന്തര മന്ത്രിയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനുമായ മൊഹ്‌സിൻ നഖ്‌വി ശനിയാഴ്ച വിദ്വേഷം വിളമ്പി. “ഇവർ സാധാരണ തീവ്രവാദികളല്ല. ഈ ആക്രമണങ്ങൾക്ക് പിന്നിൽ ഇന്ത്യയാണ്. ഈ തീവ്രവാദികളുമായി ഒത്തൊരുമിച്ചാണ് ഇന്ത്യ ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്തതെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും,” – ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് ബുഗ്തിയുമൊത്തുള്ള പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. എന്നാൽ ഈ വേളയിൽ നഖ്‌വി ഒരു തെളിവും നൽകിയില്ല എന്നതാണ് വാസ്തവം.
ബലൂച് വിമതർ പാകിസ്ഥാനെ കുഴപ്പത്തിലാക്കുന്നു
ബലൂചിസ്ഥാനിൽ 31 സാധാരണക്കാരും 17 സുരക്ഷാ ഉദ്യോഗസ്ഥരും 145 പോരാളികളും കൊല്ലപ്പെട്ടതായി പാകിസ്ഥാൻ അവകാശപ്പെടുന്നു. ജനുവരി 31 മുതൽ ഫെബ്രുവരി 5 വരെ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലും ബലൂചിസ്ഥാൻ പ്രവിശ്യയുടെ മറ്റ് ഭാഗങ്ങളിലുമുള്ള പോലീസ് സ്റ്റേഷനുകൾക്ക് നേരെ ബലൂച് വിമതർ ഏകോപിത ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. പതിറ്റാണ്ടുകളായി ബലൂചിസ്ഥാനിൽ നടന്ന ഏറ്റവും മാരകമായ ആക്രമണമാണിത്. എന്നിരുന്നാലും ഫീൽഡ് മാർഷൽ അസിം മുനീറിന്റെ പ്രതിച്ഛായ സംരക്ഷിക്കാൻ പാകിസ്ഥാൻ യഥാർത്ഥ മരണസംഖ്യ മറച്ചുവെക്കുകയാണെന്ന് നിരവധി റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.
പാകിസ്ഥാൻ സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ബലൂച് വിമതർ
പാകിസ്ഥാൻ പതിറ്റാണ്ടുകളായി ബലൂചിസ്ഥാൻ കലാപത്തിനെതിരെ പോരാടുകയാണ്. അഫ്ഗാനിസ്ഥാനും ഇറാനും അതിർത്തി പങ്കിടുന്ന ധാതു സമ്പന്നമായ പ്രവിശ്യയിൽ പാകിസ്ഥാൻ സേനയെയും വിദേശ പൗരന്മാരെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള ആളുകളെയും ബലൂച് കലാപകാരികൾ ലക്ഷ്യമിടുന്നു. പ്രവിശ്യയിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) ഏറ്റെടുത്തു. പാകിസ്ഥാനിലെ ഏറ്റവും വലുതും എന്നാൽ ജനസംഖ്യ കുറഞ്ഞതും ദരിദ്രവുമായ പ്രവിശ്യയായ ബലൂചിസ്ഥാനിലെ ഒമ്പത് ജില്ലകളിലാണ് കലാപകാരികൾ സൈനിക കേന്ദ്രങ്ങളെയും പോലീസിനെയും സിവിൽ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് ആക്രമണങ്ങളും ചാവേർ ബോംബാക്രമണങ്ങളും നടത്തിയതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
പാകിസ്ഥാൻ ബംഗ്ലാദേശിനെ പ്രകോപിപ്പിക്കുന്നു
മുഹമ്മദ് യൂനുസിന്റെ സർക്കാർ രൂപീകരിച്ചതിനുശേഷം പാകിസ്ഥാൻ ബംഗ്ലാദേശിൽ വളരെ സജീവമാണ്. പാകിസ്ഥാൻ സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പതിവായി ബംഗ്ലാദേശ് സന്ദർശിക്കുന്നുണ്ട്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ബംഗ്ലാദേശ് പ്രദേശങ്ങൾ പാകിസ്ഥാൻ ഉദ്യോഗസ്ഥർ സന്ദർശിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശ് സർക്കാരിനെ പാകിസ്ഥാൻ പ്രേരിപ്പിച്ചു. തൽഫലമായി ബംഗ്ലാദേശിലെ ജനാധിപത്യവിരുദ്ധ സർക്കാർ തുടർച്ചയായി ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ നടത്തിവരികയാണ്.
















