ഇന്ത്യൻ സൈന്യത്തിൽ പരിശീലനം പൂർത്തിയാക്കിയ ലോകമെമ്പാടുമുള്ള സൈനിക ഉദ്യോഗസ്ഥരെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘ഫ്രണ്ട്സ് ഫോർ ലൈഫ്’ എന്ന വെബ്‌സൈറ്റ് പ്രവർത്തനമാരംഭിച്ചു. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്തത്.39 സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള ഫോറിൻ സർവീസ് അറ്റാഷേമാരുടെ സാന്നിധ്യത്തിലായിരുന്നു വെബ്‌സൈറ്റിന്റെ സമാരംഭം.
ഇന്ത്യയും മറ്റ് സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള സൈനിക ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള ഒരു വലിയ ചുവടുവെപ്പായാണ് ഇത് വിലയിരുത്തപ്പെടുന്നത്.ഇന്ത്യൻ ആർമി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്ന് പരിശീലനം നേടി പുറത്തിറങ്ങിയ 99 രാജ്യങ്ങളിലെ വിവിധ തലമുറകളിലുള്ള സൈനിക ഉദ്യോഗസ്ഥരെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു ഡിജിറ്റൽ പാലമായി ഈ വെബ്‌സൈറ്റ് പ്രവർത്തിക്കും.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ മാത്രം 21,500-ലധികം വിദേശ സൈനികർക്ക് ഇന്ത്യൻ ആർമി വിവിധ മേഖലകളിൽ പരിശീലനം നൽകിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇത്രയും വലിയൊരു ഉദ്യോഗസ്ഥ വൃന്ദത്തെ ഒരേ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരുന്നതിലൂടെ ലോകത്തെ മുൻനിര സൈനിക ശക്തി എന്ന നിലയിലുള്ള ഇന്ത്യയുടെ സ്വാധീനം വർദ്ധിക്കും.
















