വടക്കേ മലബാറിലെ മതേതര കുടുംബദൈവമായി കരുതപ്പെടുന്ന മുത്തപ്പനെ ബെംഗളൂരു മലയാളി കൂട്ടായ്‌മകള്‍ കുടിയിരുത്തി ആരാധിച്ചു വരുന്ന ക്ഷേത്രമാണ് ശിവകോട്ടെ മുത്തപ്പന്‍ ചൈതന്യ മഠപ്പുര. ജാതിമത ഭേദമെന്യേ നൂറുകണക്കിന് വിശ്വാസികള്‍ എത്തുന്ന ഈ ക്ഷേത്രം അറുപതുകളിലാണ് പണികഴിക്കപ്പെട്ടത്. മലയാളികളുടെ ശ്രമഫലമായി നിര്‍മ്മിക്കപ്പെട്ടതാണ് ഈ ആരാധനാലയം.
ബെംഗളൂരു നോര്‍ത്തിലെ യെലഹങ്ക സിറ്റിയില്‍ നിന്ന് ഏതാണ്ട് 28 കിലോമീറ്റര്‍ ദൂരമുള്ള ഉദ്യാന നഗരിയില്‍ ഉള്‍പ്പെടുന്ന ഹെസറഘട്ട ശിവകോട്ടെ ഗ്രാമത്തിലാണ് ശ്രീമുത്തപ്പന്‍ ചൈതന്യ മഠപ്പുര ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ശൈവവിഷ്ണു അവതാര മൂര്‍ത്തിമത്ഭാവത്തില്‍ മുത്തപ്പനും തിരുവപ്പനയും കുടികൊള്ളുന്ന ഈ ക്ഷേത്രം മാനവികതയുടെ സാന്ത്വന സ്പര്‍ശ തിരുസന്നിധി ആയാണ് കരുതപ്പെടുന്നത്.
എല്ലാ മാസവും ഭക്തജന കൂട്ടായ്‌മയുടെ ഭാഗമായി അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഈ ക്ഷേത്രത്തില്‍ നടത്താറുണ്ട്. എല്ലാ മാസവും ഭക്തജന വഴിപാടായി പ്രാര്‍ത്ഥനാ മുത്തപ്പന്‍ കെട്ടിയാടുന്നതും പതിവാണ്. ക്ഷേത്രാരംഭം മുതല്‍ നിത്യപൂജ, ചുറ്റുവിളക്ക്, കുട്ടികള്‍ക്കുള്ള ചോറൂണ്, പയംകുറ്റി, മറ്റ് ആരാധന ചടങ്ങുകള്‍ എന്നിവയിലൊന്നും ശിവകോട്ടെ മുത്തപ്പന്‍ ചൈതന്യ മഠപ്പുര ക്ഷേത്രത്തില്‍ ഇന്നുവരെ യാതൊരു മുടക്കവും വന്നിട്ടില്ല.
ഇരുപത്തിമൂന്നംഗ ട്രസ്റ്റ്‌ബോര്‍ഡിനാണ് ക്ഷേത്ര നടത്തിപ്പു ചുമതല. ഉള്ളറിഞ്ഞു വിളിക്കുന്നവരുടെയെല്ലാം പ്രാര്‍ത്ഥനകള്‍ നിറവേറ്റി അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു പ്രസാദിക്കുന്ന ഈ പുണ്യ സ്ഥലത്തേക്ക് ബെംഗളൂരു മലയാളികള്‍ക്കു പുറമേ കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരും വിശ്വാസികളായി എത്തുന്നുണ്ട്. ചൈതന്യ മഠപ്പുരയുടെ പ്രതിഷ്ഠാ ദിനവും മറ്റു ക്ഷേത്രോത്സവ പരിപാടികളും ഈ മാസം 14, 15 തീയതികളില്‍ നടക്കും.
ഉത്സവാഘോഷത്തോടനുബന്ധിച്ചു ശിവകോട്ടെ മുത്തപ്പന്‍ ചൈതന്യ മഠപ്പുര യില്‍ 14 ന് മുത്തപ്പനും 15 ന് മുത്തപ്പനും തിരുവപ്പനയുമാണ് കെട്ടിയാടുന്നത്. രാവിലെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനാനുഗ്രഹങ്ങള്‍ നല്‍കും. ബംഗളൂരു മലയാളി വിശ്വാസികളുടെ ശക്തിയും കൈത്താങ്ങുമാണ് ഈ ക്ഷേത്രം.
ആരും തുണയില്ലാതാകുമ്പോള്‍ തലചായ്ച്ച് ആശ്വസിക്കാനുള്ള ഒരഭയസ്ഥാനം തന്നെയാണ് ഇവിടെയുള്ള മലയാളികള്‍ തൊട്ടു തൊഴുതു വണങ്ങുന്ന ശിവകോട്ടെ മുത്തപ്പന്‍ ചൈതന്യ മഠപ്പുര.
ക്ഷേത്രത്തിലെത്താന്‍
ബെംഗളൂരുവിലെ പ്രധാന നഗരങ്ങളായ മജസ്റ്റിക്ക്, ശിവജിനഗര, കെ.ആര്‍. മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്ന് ഏറ്റവുമടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ചിക്കബനവര, യശ്വന്ത
പൂര്‍, മെട്രോ സ്റ്റേഷന്‍ ദാസറഹള്ളി, നാഗസാന്ദ്ര എന്നിവിടങ്ങളില്‍ നിന്ന് ബസ് സൗകര്യമുണ്ട്. ക്ഷേത്രം ഫോണ്‍: 9886623529,
8105687375.











