ന്യൂദൽഹി: 236 യാത്രക്കാരുമായി പറന്നുയർന്ന ടർക്കിഷ് എയർലൈൻസ് വിമാനം ബുധനാഴ്ച കൊൽക്കത്ത വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി. വലത് എഞ്ചിനിൽ തീപിടുത്തമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ക്യാപ്റ്റൻ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ലാൻഡിങ്ങിന് അനുവാദം നൽകിയത്.
ടർക്കിഷ് 727 വിമാനം കാഠ്മണ്ഡുവിൽ നിന്ന് ഇസ്താംബൂളിലേക്ക് പറക്കുമ്പോൾ, എഞ്ചിൻ തീപിടുത്തമുണ്ടാകാൻ സാധ്യതയുള്ളതായി ക്യാപ്റ്റൻ കൊൽക്കത്ത എയർ ട്രാഫിക് കൺട്രോളിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വിമാനം കൊൽക്കത്തയിലേക്ക് തിരിച്ചുവിട്ടു.
ഇന്ത്യാ ടുഡേ റിപ്പോർട്ട് അനുസരിച്ച് വിമാനം ഉച്ചയ്‌ക്ക് 14:49 ന് നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറങ്ങി. വിമാനം നിലവിൽ കൊൽക്കത്ത വിമാനത്താവളത്തിലാണ്. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
















