തിരുവനന്തപുരം: ഗാന്ധിയനായി ഗാന്ധി മാത്രമേയുള്ളുവെന്നും മറ്റുള്ളവരെല്ലാം ഗാന്ധിഭക്തരാണെന്നും മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ സിറിയക് തോമസ്. ഗാന്ധിസം പ്രൊഫഷന്‍ ആയി മാറിയതാണ് സേവനരംഗത്തെ ഇന്നത്തെ പ്രധാന പ്രതിസന്ധിയെന്നും പ്രതിബദ്ധതയോടെ ഗാന്ധിമാര്‍ഗം പിന്തുടര്‍ന്നവരുടെ തലമുറയില്‍പ്പെട്ടവരാണ് താന്‍ ഗുരുതുല്യം ആദരിക്കുന്ന കെ കേളപ്പന്‍, കെ ജനാര്‍ദ്ദനന്‍പിള്ള, കെസി പിള്ള തുടങ്ങിയവരെന്നും അദ്ദേഹം പറഞ്ഞു.
കേരള ഗാന്ധിസ്മാരകനിധിയുടെ സ്ഥാപകസെക്രട്ടറിയും മുന്‍ചെയര്‍മാനുമായ കെ.ജനാര്‍ദ്ദനന്‍പിള്ളയുടെ ഇരുപത്തിമൂന്നാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി ജനാര്‍ദ്ദനന്‍ പിള്ള ട്രസ്റ്റ് സംഘടിപ്പിച്ച അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ സ്വത്വവും മനഃസാക്ഷിയും വീണ്ടെടുക്കാന്‍ ഗാന്ധിയെ രാഷ്‌ട്രനിര്‍മാണ പ്രക്രിയയുടെ കേന്ദ്രസ്ഥാനത്ത് പുനഃപ്രതിഷ്ഠിക്കണമെന്ന് ഡോ സിറിയക് തോമസ് അഭിപ്രായപ്പെട്ടു.
എല്ലാ അര്‍ത്ഥത്തിലും അതിവേഗം സഞ്ചരിച്ച മഹാത്മാഗാന്ധിക്കൊപ്പം നടന്നെത്താന്‍ കഴിയാത്തതാണ് രാഷ്‌ട്രം ഇന്ന് നേരിടുന്ന ദുര്യോഗങ്ങള്‍ക്ക് കാരണമെന്ന് ചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തിയ ചരിത്രപണ്ഡിതനും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറുമായ വി കാര്‍ത്തികേയന്‍ നായര്‍ പറഞ്ഞു.
കെ.ജനാര്‍ദ്ദനന്‍പിള്ള ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എന്‍.രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കെ.ജനാര്‍ദ്ദനന്‍പിള്ളയുടെ ആദ്യകാലസഹപ്രവര്‍ത്തകരായ കെ.ദിവാകരന്‍നായര്‍, ആര്‍. ലീലാമ്മ, ബി.പ്രസാദ്, കെ.ഗോപാലന്‍നായര്‍, സി.വാസുദേവന്‍ പിള്ള, എഫ്. നജുമുനിസ എന്നിവരെ ആദരിച്ചു. സ്വഭാവവൈശിഷ്ട്യത്തിനുള്ള ജെ ദാക്ഷായണി അമ്മ വിദ്യാനിധി പുരസ്‌ക്കാരം ശ്രീശാരദാദേവി ശിശുവിഹാര്‍ യു.പി.സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി കുമാരി പാര്‍വണേന്ദുവിന് ട്രസ്റ്റ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ഡി.മായ സമ്മാനിച്ചു. ട്രസ്റ്റ് ഭാരവാഹികളായ അജിത്വെണ്ണിയൂര്‍, ഡോ പ്രദീപ് കിടങ്ങൂര്‍, രുഗ്മിണിരാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.














