കോഴിക്കോട്: യുവതിക്കൊപ്പം ഒരുമിച്ച് മരിക്കാനാണ് തീരുമാനിച്ചിരുന്നതെന്ന് കോഴിക്കോട് മാളിക്കടവില്‍ 26കാരിയെ കൊലപ്പെടുത്തിയ പ്രതി വൈശാഖന്‍. നടന്ന സംഭവങ്ങളില്‍ കുറ്റബോധമുണ്ട്.
കൊലപാതകം നടന്ന വൈശാഖന്റെ സ്ഥാപനത്തിലും ജ്യൂസ് വാങ്ങിയ കടയിലും പ്രതിയുമായി എത്തി പൊലീസ് തെളിവെടുപ്പ് നടത്തി.ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞുവിളിച്ചുവരുത്തി യുവതിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രതി വൈശാഖനെ പൊലീസ് കസ്റ്റഡിയില്‍ ലഭിച്ചത്.വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് തെളിവെടുപ്പ്.
യുവതിയെ കൊലപ്പെടുത്തിയ വൈശാഖന്റെ ഐഡിയല്‍ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിലും ഉറക്കുഗുളിക കലര്‍ത്തി നല്‍കാന്‍ ജ്യൂസ് വാങ്ങിയ ബേക്കറിയിലും പൊലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ശേഷം ഭാര്യയോട് വിവരങ്ങള്‍ തുറന്നുപറഞ്ഞതായും പ്രതി മൊഴി നല്‍കി.
കഴിഞ്ഞ ശനിയാഴ്ചയാണ് സ്വന്തം സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തി പ്രതി 26കാരിയെ കൊലപ്പെടുത്തിയത്.ഒരുമിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച ശേഷം ഉറക്കുഗുളിക കലര്‍ത്തിയ ശീതളപാനീയം യുവതിക്ക് നല്‍കി. തൂങ്ങിമരിക്കാനെന്ന വ്യാജേന രണ്ട് കുരുക്കുകള്‍ തയാറാക്കി. യുവതി കഴുത്തില്‍ കുരുക്കിട്ടതിന് പിന്നാലെ സ്റ്റൂള്‍ ചവിട്ടിത്തെറിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയത്താലായിരുന്നു കൊലപാതകം.
















