മലയാള സിനിമാ രംഗത്ത് ഒരു കാലത്തെ മുൻനിര നായിക നടിമാർക്കെല്ലാം ശബ്ദം നൽകിയത് ഭാഗ്യലക്ഷ്മിയാണ്. പ്രിയദർശന്റെ മലയാള സിനിമകളിലെ നായികമാരിൽ മിക്കവർക്കും ഭാഗ്യലക്ഷ്മി ശബ്ദം നൽകി. എന്നാൽ പലപ്പോഴും ശബ്ദം നൽകിയ നടിമാർ തന്റെ വർക്കിനെ അംഗീകരിച്ചില്ല എന്ന പരാതി ഭാഗ്യലക്ഷ്മിക്കുണ്ടായിരുന്നു.
തുടരും എന്ന സിനിമയിൽ ശോഭന താൻ ഡബ് ചെയ്ത ശബ്ദം മാറ്റി സ്വന്തം ശബ്ദം ഉപയോഗിച്ചപ്പോൾ തന്നോടൊന്ന് വിളിച്ച് സംസാരിക്കുക പോലും ചെയ്തില്ലെന്ന് അടുത്തിടെ ഭാഗ്യലക്ഷ്മി പറയുകയുണ്ടായി. എന്നാൽ ഭാഗ്യലക്ഷ്മിക്ക് നടി കനകയെക്കുറിച്ച് പറയാനുള്ളത് നല്ല വാക്കുകളാണ്. കനകയുടെ സൂപ്പർഹിറ്റ് സിനിമകളായ ഗോഡ്ഫാദർ, വിയറ്റ്നാം കോളനി എന്നീ സിനിമകളിൽ ശബ്ദം നൽകിയത് ഭാഗ്യലക്ഷ്മിയാണ്.
‘ എനിക്ക് ശബ്ദം നൽകുന്ന ഭാഗ്യലക്ഷ്മിയെ കാണണമെന്ന് വലിയ ആഗ്രഹമുണ്ടെന്ന് കനക ഒരിക്കൽ ഏതോ അഭിമുഖത്തിൽ പറഞ്ഞു. ഒരു ദിവസം ഗുരുവായൂർ അമ്പലത്തിൽ തൊഴാൻ പോയപ്പോൾ കനക അവിടെയുണ്ട്. ഞാനവരുടെ മുന്നിൽ പോയി ഹലോ പറഞ്ഞു. ഹലോയെന്ന് അവരും. നിങ്ങൾക്ക് ശബ്ദം നൽകുന്ന ഭാഗ്യലക്ഷ്മി ഞാനാണെന്ന് പറഞ്ഞു. അയ്യോ, ആണോ ഗുരുവായൂരപ്പൻ അമ്പലത്തിൽ വെച്ച് നിങ്ങളെ കാണിച്ച് തന്നല്ലോ എന്ന് കനക പറഞ്ഞു. ജീവിതത്തിൽ ഇത്രയേറെ ഇഷ്ടത്തോടെ എന്നെ നോക്കിയ ആർട്ടിസ്റ്റാണ് അവരെന്നും ‘ ഭാഗ്യലക്ഷ്മി പറഞ്ഞു.
















