നാലരപതിറ്റാണ്ടായി നാലായിരത്തിലധികം വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുന്ന, മരങ്ങളെ മക്കളെ പോലെ പരിപാലിക്കുന്ന വ്യക്തിയാണ് മുതുകുളം കൊല്ലകയില്‍ ജി. ദേവകി അമ്മ (91). പരിസ്ഥിതി മേഖലയ്‌ക്കുള്ള സമഗ്ര സംഭാവനയ്‌ക്കാണ് ബഹുമതി. പരിസ്ഥിതി, വന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഭാരതത്തിന്റെ നാരീശക്തി പുരസ്‌കാരം 2019ല്‍ ദേവകിയമ്മക്ക് ലഭിച്ചിരുന്നു. വൃക്ഷമിത്ര ഉള്‍പ്പെടെ ഒട്ടേറെ, രാജ്യാന്തര, ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ മുതുകുളത്ത് നാലേക്കറില്‍ പരം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സ്ഥലത്ത് അവര്‍ നിര്‍മിച്ച വനത്തില്‍ നാലായിരത്തിലധികം ഔഷധസസ്യങ്ങളും വന്‍മരങ്ങളുമുണ്ട്. 250 ഇനമെങ്കിലും നമ്മുടെ നാട്ടില്‍ അപൂര്‍വമായവയാണ്.
സംന്യാസ മരം, ബവോബ മരം, ഓട്ടോഗ്രാഫ് മരം, ബാലുജടാലു, അംബര്‍ലാ ട്രീ, കരിഞ്ഞൊട്ട, മെഴുകിതിരിമരം, ബോധി വൃക്ഷം, തേക്ക്, ഈട്ടി, ചന്ദനം, കുമ്പിള്‍, മഹാഗണി, അകില്‍, ഹിമാലയ നിരകളില്‍ മാത്രം കാണപ്പെടുന്ന ഹിമാലയന്‍ ചെമ്പകം, സ്വര്‍ഗത്തിലെ വൃക്ഷം എന്നറിയപ്പെടുന്ന സൈമരൂപ, പേപ്പട്ടി വിഷത്തിന് ഔഷധമായി ഉപയോഗിക്കുന്ന അങ്കോലം, പുരാതന വൃക്ഷമായ കമണ്ഡലു വൃക്ഷം, രുദ്രാക്ഷം, ഉത്രാക്ഷം, കടമ്പ്, കായാമ്പു, ചമത, അണലിവേഗം, നീര്‍മരുത്, കൃഷ്ണനാല്‍, നീര്‍മരുത്, ലസൂറ, ഇലിപ്പ, കുമ്പിള്‍, കരിമരം, വള്ളിക്കാഞ്ഞിരം തുടങ്ങി അപൂര്‍വ ജൈവ-സസ്യ വൈവിധ്യങ്ങള്‍ നിറഞ്ഞ വനമാണിവിടം. മരങ്ങള്‍ക്കു ജൈവവളങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നത്.
വൃക്ഷങ്ങളില്‍ ദേശാടന പക്ഷികളും പറമ്പിലെ വലിയ കുളങ്ങളില്‍ നാടന്‍ മീനുകളുമുണ്ട്. മയില്‍ ഉള്‍പ്പെടെ ഇവിടെ വന്നുപോകാറുണ്ട്. വൃക്ഷങ്ങളും, വള്ളിപ്പടര്‍പ്പുകളും ഇടതിങ്ങി കളിയാടുന്ന ഈ വനം ഹരിതാഭയാലും നിറഞ്ഞ ആവാസവ്യവസ്ഥയാലും കണ്ണിനും മനസിനും കുളിരേകുന്നു. തപോവനമാണ് ദേവകിയമ്മയുടെ വീട്. പാഴ്‌ച്ചെടികള്‍ വളര്‍ന്നപ്പോഴാണ് മുറ്റത്താകെ മരം നട്ടുപിടിപ്പിക്കാനുള്ള ആശയം മനസില്‍ ഉദിച്ചത്. അദ്ധ്യാപകനായിരുന്ന ഭര്‍ത്താവ് മുതുകുളം പട്ടോളി മാര്‍ക്കറ്റ് കൊല്ലകയില്‍ എം.കെ. ഗോപാലപിള്ളയുടെ പിന്തുണയാണ് വീട്ടുവളപ്പിനെ പച്ചപുതപ്പിക്കാന്‍ കാരണമായതെന്ന് ദേവകിയമ്മ സ്മരിക്കുന്നു. അദ്ദേഹത്തിന്റെ മരണശേഷം മക്കളുടെ പ്രോത്സാഹനം ലഭിച്ചു.
സ്വാഭാവിക വനത്തെക്കുറിച്ച് അറിയാനും പഠിക്കാനും നിരവധിപേര്‍ കൊല്ലകയില്‍ വീട്ടില്‍ എത്താറുണ്ട്. തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിലെ പരിസ്ഥിതിവിഭാഗം മേധാവിയായിരുന്ന മൂത്തമകള്‍ പ്രൊഫ. ഡി. തങ്കമണിക്ക് വൃക്ഷമിത്ര അവാര്‍ഡ് കിട്ടിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിനും, ദൈവത്തിനും നന്ദി: ദേവകി അമ്മ
കായംകുളം: കേന്ദ്ര സര്‍ക്കാരിനും, ഗ്രാമദേവതയ്‌ക്കും, കുടുംബ ദൈവങ്ങള്‍ക്കും നന്ദി പറഞ്ഞ് ദേവകി അമ്മ. നാലര ഏക്കര്‍ സ്ഥലത്ത് മരങ്ങള്‍ വെച്ചുപിടിപ്പിച്ചപ്പോള്‍ നാട്ടുകാരായ പലരും ചോദിച്ചു എനിക്ക് വട്ടാണോ എന്ന്.
എന്നാല്‍ എന്റെ പരിശ്രമം പരിസ്ഥിതിക്ക് പ്രയോജനപ്പെടുന്ന രീതിയിലേക്ക് വരികയും, മറ്റുള്ളവര്‍ക്ക് മാര്‍ഗദര്‍ശകവുമായപ്പോള്‍ എതിര്‍ത്തവര്‍ അനുകൂലിച്ചു. എല്ലാം ദൈവത്തിന്റെ അനുഗ്രഹം ഒന്നു മാത്രമെന്ന് ദേവകി അമ്മ പറഞ്ഞു.














