തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരില്‍ ലഭിക്കുന്ന ജോലി നിയമനം വഴി യുവാക്കള്‍ തങ്ങളുടെ ഭാവി സുരക്ഷിതമാക്കുക മാത്രമല്ല, രാജ്യത്തോടുള്ള വലിയൊരു ഉത്തരവാദിത്തം ഏറ്റെടുക്കുക കൂടിയാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പള്ളിപ്പുrozgaറം സിആര്‍പിഎഫിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റോസ്ഗര്‍ മേളയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിക്കുന്ന തൊഴില്‍ മേളകള്‍ യുവാക്കള്‍ക്ക് മികച്ച അവസരങ്ങള്‍ ഒരുക്കുകയാണ്. പുതിയതായി നിയമിതരായവര്‍ സമര്‍പ്പണ ബോധത്തോടെയും അച്ചടക്കത്തോടെയും ആത്മാര്‍ത്ഥതയോടെയും ജോലി ചെയ്യണം. നിങ്ങള്‍ ചെയ്യുന്ന ജോലി ജനങ്ങളുടെ ജീവിതത്തെ നേരിട്ടു സ്വാധീനിക്കുകയും മികച്ച ഭരണനിര്‍വഹണത്തിന് വഴിയൊരുക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പള്ളിപ്പുറം സിആര്‍പിഎഫ് ഗ്രൂപ്പ് സെന്ററില്‍ നടന്ന പരിപാടിയില്‍, ഐഎസ്ആര്‍ഒ, സിആര്‍പിഎഫ്, എആര്‍, എസ്എസ്ബി, ഇപിഎഫ്ഒ എന്നിങ്ങനെ വിവിധ വകുപ്പുകളില്‍ നിയമനം ലഭിച്ച 272 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന പത്രങ്ങള്‍ കൈമാറി. സിആര്‍പിഎഫ് ഡിജി ധര്‍മേന്ദ്ര സിങ്, ഡെ. കമാന്‍ഡന്റ് കെ.എസ്. ജയകുമാര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
രാജ്യത്ത് 45 ഇടങ്ങളിലായി ഇന്നലെ സംഘടിപ്പിച്ച 18-ാമത് റോസ്ഗര്‍ മേളയിലൂടെ 61,656 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനപത്രങ്ങള്‍ കൈമാറി. പുതുതായി നിയമിതരായവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു.
















