തിരുവനന്തപുരം: തീരദേശ മേഖലയുടെ വികസനത്തിലും തൊഴിലവസരങ്ങളുടെ കാര്യത്തിലും വിഴിഞ്ഞം തുറമുഖം മാതൃകയാകുമെന്ന് കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തില്‍ മുഖ്യ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാരിടൈം മേഖലയില്‍ കേരളത്തിന് നിര്‍ണായക സ്ഥാനമുണ്ട്. രാജ്യത്തിന്റെ ലോജിസ്റ്റിക് മേഖലയില്‍ കേരളം സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. പുരാതന വ്യാപാര പാതകള്‍ മുതല്‍ ആധുനിക ഷിപ്പിങ് ലൈനുകള്‍ വരെ ഭാരതത്തെയും ലോകത്തെയും ബന്ധിപ്പിക്കുന്ന ഒരു കവാടമാണ് കേരളം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ 2014ന് ശേഷം രാജ്യത്തിന്റെ സമുദ്ര മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ലോകത്തിലെ മുന്‍നിര സമുദ്ര ശക്തിയായി മാറാനാണ് ഭാരതം ലക്ഷ്യമിടുന്നത്. സാഗര്‍മാല പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ 24,000 കോടി രൂപയിലധികം മൂല്യമുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. സമുദ്ര മേഖലയുടെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ആഗോള കടല്‍വാണിജ്യ ഭൂപടത്തില്‍ അതിപ്രധാന കേന്ദ്രമായി വിഴിഞ്ഞം തുറമുഖം മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂര്‍ണതോതിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നേരത്തെ പൂര്‍ത്തിയാകുന്നതിനാല്‍ സര്‍ക്കാരിന്റെ വരുമാനവിഹിതം നേരത്തെ കണക്കാക്കിയതിനേക്കാള്‍ വര്‍ദ്ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ വി. ശിവന്‍കുട്ടി, കെ.എന്‍. ബാലഗോപാല്‍, ജി. ആര്‍. അനില്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മേയര്‍ അഡ്വ. വി. വി. രാജേഷ്, അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ എംഡി കരണ്‍ അദാനി, തുറമുഖ വകുപ്പ് സെക്രട്ടറി ഡോ. എ. കൗശിഗന്‍, വി.ഐ.എസ്.എല്‍ എംഡി ഡോ. ദിവ്യ എസ്. അയ്യര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.













