ഡൽഹിയിലെ ട്രാഫിക് സിഗ്നലുകളിൽ റോസാപ്പുക്കൾ വിൽക്കുന്ന 11 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് വനപ്രദേശത്ത് ഉപേക്ഷിച്ച സംഭവത്തിൽ 40-കാരനായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ദുർഗേഷ് എന്നയാളാണ് അറസ്റ്റിലായത്. ജനുവരി 11-നായിരുന്നു സംഭവം.
ജനുവരി 11-ന് പ്രസാദ് നഗർ പ്രദേശത്തായിരുന്നു പെൺകുട്ടി റോസാപ്പൂക്കൾ വിറ്റിരുന്നത്. ഇവിടെ യാത്രക്കാരെ ഇറക്കിവിട്ട ശേഷം പ്രതി ചുവന്ന സിഗ്‌നലിന് സമീപം നിൽക്കുകയായിരുന്ന പെൺകുട്ടിക്ക് സമീപം വണ്ടി നിർത്തുകയായിരുന്നു.
ഈ സമയം പെൺകുട്ടി പൂക്കൾ വേണോ എന്ന് ചോദിച്ച് ഇയാളെ സമീപിച്ചു. എല്ലാ റോസാപ്പൂക്കളും വിൽക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഇയാൾ പെൺകുട്ടിയെ ഓട്ടോയിൽ കയറ്റുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതി പെൺകുട്ടിയെ പ്രൊഫസർ രാം നാഥ് വിജ് മാർഗിന് സമീപമുള്ള ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു.
കുട്ടി അബോധാവസ്ഥയിലായതോടെ മരിച്ചുവെന്ന് കരുതി ഇയാൾ കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ബോധംവന്ന പെൺകുട്ടി അതുവഴി പോയ ഒരാൾ വഴി കുടുംബത്തെ ബന്ധപ്പെടുകയായിരുന്നു. രക്തത്തിൽ കുളിച്ചുകിടക്കുന്ന കുട്ടിയുടെ അവസ്ഥ കണ്ട് പരിഭ്രാന്തരായ വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. കടുത്ത ആഘാതത്തിലായിരുന്ന കുട്ടിക്ക് കാര്യങ്ങൾ വിശദീകരിക്കാൻ സാധിക്കാതിരുന്നത് പോലീസിനെ കുഴക്കി. ഒടുവിൽ കുട്ടിയെ അവസാനമായി കണ്ട സ്ഥലത്തുനിന്നും വനത്തിലേക്കുള്ള വഴികളിൽ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കാൻ തുടങ്ങി.
ഏകദേശം 15 റൂട്ടുകളിലായി സ്ഥാപിച്ചിട്ടുള്ള 300-ഓളം സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചു. ഒരു ക്ലിപ്പിൽ, പെൺകുട്ടി ഒരു ഇ-റിക്ഷയിൽ കയറുന്നത് കണ്ടു. വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ കണ്ടെത്തി.
അതേദിവസംതന്നെ പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിൽ, മുമ്പ് പലതവണ ട്രാഫിക് സിഗ്‌നലിൽ പെൺകുട്ടിയെ കണ്ടിരുന്നുവെന്നും തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തിരുന്നുവെന്നും ദുർഗേഷ് പോലീസിനോട് പറഞ്ഞു. പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ വകുപ്പുകൾ, പോക്‌സോ നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു.
















