പ്രശസ്ത ഗായിക എസ്. ജാനകിയുടെ ഏക മകൻ മുരളി കൃഷ്ണ (65) അന്തരിച്ചു. അസുഖ ബാധിതൻ ആയിരുന്ന അദ്ദേഹം മൈസൂരുവിൽ വെച്ചാണ് മരിച്ചത്. മരണവിവരം കെ.എസ് ചിത്രയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. മുരളിയുടെ വിയോഗ വാർത്ത ഞെട്ടിച്ചുവെന്നും സ്നേഹനിധിയായ സഹോദരനെയാണ് നഷ്ടപ്പെട്ടത് എന്നും ചിത്ര കുറിച്ചു.
വേദനയും ദുഃഖവും മറികടക്കാൻ ദൈവം അമ്മയ്‌ക്ക് ശക്തി നൽകട്ടെ എന്നും ചിത്ര കുറിപ്പിലൂടെ അറിയിച്ചു. ഭർത്താവ് വി രാമപ്രസാദിന്റെ മരണശേഷം സംഗീത പരിപാടികളിലും റെക്കോർഡിങ്ങുകളിലും എസ് ജാനകിയുടെ നിഴലായി കൂടെ ഉണ്ടായിരുന്നത് ഏക മകൻ ആയ മുരളി കൃഷ്ണ ആണ്.
അമ്മയ്‌ക്കും കുടുംബത്തിനുമൊപ്പം ഹൈദരാബാദിൽ താമസിച്ചിരുന്ന അദ്ദേഹം ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മരിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. അദ്ദേഹത്തിന്റെ വിയോഗം സിനിമാ മേഖലയെയും സംഗീത ആരാധകരെയും അഗാധമായ ദുഃഖത്തിലാക്കി.
ചലച്ചിത്ര പശ്ചാത്തലത്തിലാണ് അദ്ദേഹം വളർന്നതെങ്കിലും പരസ്യങ്ങൾ ഒഴിവാക്കി അഭിനയത്തിലും കലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്നു. ചില സിനിമകളിലും സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയ ക്ലാസിക്കൽ നൃത്തങ്ങളിൽ പ്രാവീണ്യമുള്ള ഒരു നർത്തകിയാണ് അദ്ദേഹത്തിന്റെ ഭാര്യ.













