കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഷിംജിത മുസ്‌തഫ അറസ്റ്റിൽ. വടകരയിലെ ബന്ധുവീട്ടിൽ നിന്നുമായിരുന്നു ഷിംജിതയെ പിടികൂടിയത്. സംഭവം നടന്ന് ആറ് ദിവസങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലായത്. പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസാണ് ഷിജിംതയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം സ്വകാര്യ വാഹനത്തിൽ പ്രതിയെ കൊയിലാണ്ടി ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോയി. മരിച്ച ഗോവിന്ദപുരം,കൊളങ്ങരകണ്ടി,ഉള്ളാട്ട്തൊടിദീപക്കിന്റെ അമ്മയുടെ പരാതിയിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി യുവതിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഷിംജിത നേരത്തെ വിദേശത്ത് ജോലി ചെയ്തിരുന്നു. അതിനാൽ ഇവർ വിദേശത്തേയ്‌ക്ക് കടക്കുമെന്ന സൂചനയിൽ പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ വഴി സർവീസ് നടത്തുന്ന അൽ അമീൻ എന്ന സ്വകാര്യ ബസിലാണു യുവതി വിഡിയോ ചിത്രീകരിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെ വീഡിയോ വൈറലായ വീഡിയോ ഏകദേശം 30 ലക്ഷം ആളുകൾ കണ്ടിരുന്നു. ഇതിൽ മനം നൊന്താണ് ദീപക് ആത്മഹത്യ ചെയ്തത്. യുവതി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സൈബർ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
















