തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച മൂന്ന് പുതിയ അമൃത് ഭാരത് ട്രെയിനുകള്‍ 23 ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.
താംബരത്തു നിന്നു ബുധനാഴ്ചകളില്‍ വൈകിട്ട് 5.30ന് പുറപ്പെടുന്ന തിരുവനന്തപുരം-താംബരം അമൃതഭാരത് മധുര, നാഗര്‍കോവില്‍ വഴി വ്യാഴാഴ്ചകളില്‍ രാവിലെ 8ന് തിരുവനന്തപുരത്ത് എത്തും. മടക്കയാത്ര വ്യാഴാഴ്ചകളില്‍ രാവിലെ 10.40 ന് പുറപ്പെട്ട് രാത്രി 11.45ന് താംബരത്ത് എത്തും.
ചൊവ്വാഴ്ചകളില്‍ രാവിലെ 7.15ന് പുറപ്പെടുന്ന ചെര്‍ലാപ്പള്ളി (ഹൈദരാബാദ്)-തിരുവനന്തപുരം നോര്‍ത്ത് അമൃതഭാരത് ബുധനാഴ്ച ഉച്ചയ്‌ക്കു 2.45 ന് തിരുവനന്തപുരത്ത് എത്തും. മടക്കയാത്ര ബുധനാഴ്ചകളില്‍ വൈകിട്ട് 5.30ന് പുറപ്പെട്ട് വ്യാഴാഴ്ചകളില്‍ രാത്രി 11.30ന് ചെര്‍ലാപ്പള്ളിയില്‍ എത്തും. കോട്ടയം വഴിയാണു സര്‍വീസ്. ചൊവ്വാഴ്ചകളില്‍ ഉച്ചയ്‌ക്കു 11.30ന് പുറപ്പെടുന്ന നാഗര്‍കോവില്‍-മംഗളൂരു ജംഗ്ഷന്‍ അമൃതഭാരത് ബുധനാഴ്ച പുലര്‍ച്ചെ 5 ന് മംഗളൂരുവിലെത്തും. മടക്കയാത്ര ബുധനാഴ്ച രാവിലെ 8ന് പുറപ്പെട്ട് രാത്രി 10.05ന് നാഗര്‍കോവിലില്‍ എത്തും. തിരുവനന്തപുരം, കോട്ടയം വഴിയാണു സര്‍വീസ്.
ഇവ ഭാരതത്തില്‍ നിര്‍മ്മിച്ച അമൃത് ഭാരത് ട്രെയിനുകളാണ്. സാധാരണ യാത്രക്കാരുടെ സൗകര്യം മുന്‍നിര്‍ത്തി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഇവയില്‍ എയര്‍ കണ്ടീഷന്‍ ഇല്ലാത്ത സ്ലീപ്പര്‍ കോച്ചുകളും, പൊതുജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുന്ന രീതിയില്‍ അധികം ആണ്‍റിസര്‍വ്ഡ് കോച്ചുകളുടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞ ചെലവില്‍ സുരക്ഷിതവും സുഖകരവുമായ യാത്ര ഉറപ്പാക്കുക എന്നതാണ് അമൃത് ഭാരത് ട്രെയിനുകളുടെ മുഖ്യ ലക്ഷ്യം.
















