മട്ടാഞ്ചേരി: ‘വസുധൈവ കുടുംബകം’ സന്ദേശം പകര്‍ന്ന് നാവിക സേനയുടെ ഐഎന്‍എസ് സുദര്‍ശിനി ‘ലോകയാന്‍ 26’ സമുദ്രയാത്ര തുടങ്ങി. 216 ദിവസം നീളുന്ന ദീര്‍ഘമായ ദൗത്യത്തില്‍ നാവികര്‍ക്കുള്ള സഹനശക്തി, സമുദ്രയാത്ര വെല്ലുവിളികള്‍, നാവികസേന കരുത്ത് ഉറപ്പാക്കല്‍ തുടങ്ങി വിവിധതല ലക്ഷ്യങ്ങളുമായാണ് ‘ലോകയാന്‍ 26’ തുടക്കംകുറിക്കുന്നതെന്ന് യാത്രാനായകനായ കമഡോര്‍ രവികാന്ത് നന്ദൂരി പറഞ്ഞു.
ഫ്രാന്‍സിലും അമേരിക്കയിലും നടക്കുന്ന സമുദ്രയാന ശക്തിയാഘോഷങ്ങളിലും ഐഎന്‍എസ് സുദര്‍ശനി പങ്കെടുക്കും.
ഏഴ് ഓഫീസര്‍മാരും 240 നാവികരും പങ്കെടുക്കുന്ന യാത്ര ഏറെ ദുര്‍ഘടമായ ദൗത്യ നിര്‍വഹണത്തിലാണ്. സൂയസ് കനാലിലൂടെ ജിബ്രാള്‍ട്ടര്‍ ഇടനാഴി വഴി അറ്റ്‌ലാന്റിക്ക് സമുദ്രത്തിലുടെ അമേരിക്കന്‍ തീരവും കടന്നുള്ളതാണ് ഐഎന്‍എസ് സുദര്‍ശനിയുടെ ‘ലോകയാന്‍ 26’ യാത്ര റൂട്ട്.
2012 ജനുവരിയില്‍ കൊച്ചി ദക്ഷിണ നാവിക സേനയുടെ ഭാഗമായ ഐഎന്‍എസ് ‘സുദര്‍ശിനി’യുടെ ദീര്‍ഘകാല സമുദ്രയാത്രാ ദൗത്യത്തിന് ഇന്നലെ കൊച്ചിയില്‍ തുടക്കം കുറിച്ചു. കൊച്ചി ദക്ഷിണ നാവികസേന ആസ്ഥാനത്ത് ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ സമീര്‍ സക്‌സേന ഫ്‌ളാഗ് ഓഫ് ചെയ്തു.














