ന്യൂദല്‍ഹി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍നഹ്യാന്റെ ഭാരത സന്ദര്‍ശനം വളരെ ചെറുതായിരുന്നു, വെറും രണ്ടു മണിക്കൂര്‍ മാത്രം. പക്ഷെ അത് ചൂണ്ടിക്കാട്ടുന്നത് ആഗോളതലത്തില്‍, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ലഭിക്കുന്ന പ്രാധാന്യം. യുഎഇ പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തില്‍ ചെന്ന് സ്വീകരിച്ചാനയിച്ചുവെന്നതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നതിന്റെ തെളിവാണ്.
ഭാരതവും യുഎഇയും തമ്മിലുള്ള വ്യാപാര, വാണിജ്യ പ്രതിരോധ കരാറുകളായിരുന്നു പ്രധാനമെങ്കിലും തന്ത്രപ്രധാനങ്ങളായ മറ്റു ചില വിഷയങ്ങളുടെ ചര്‍ച്ചയായിരുന്നു പ്രധാനമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. യെമനിലെ വിമതര്‍ക്കായി യുഎഇ നടത്തിയ ചില ഇടപെടലുകളില്‍ സൗദിഅറേബ്യ കടുത്ത എതിര്‍പ്പ് ഉന്നയിച്ചിരുന്നു. വിമതര്‍ക്ക് ആയുധങ്ങള്‍ നല്‍കിയതാണ് സൗദിയെ പ്രകോപിപ്പിച്ചത്. ഇത്തരമൊരു കപ്പല്‍ സൗദി ബോംബിട്ട് തകര്‍ക്കുകയും ചെയ്തു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ മോശം അവസ്ഥയിലാണ്. ബന്ധം മെച്ചപ്പെടുത്താനും പ്രശ്‌നം പരിഹരിക്കാനുമുള്ള തീവ്രശ്രമങ്ങളുടെ ഭാഗമായാണ്, രണ്ടു രാജ്യങ്ങള്‍ക്കും ഒരു പോലെ വേണ്ടപ്പെട്ട ഭാരതത്തെ സമീപിച്ചതെന്നാണ് സൂചന. ഏഷ്യന്‍ മേഖലയില്‍ മാത്രമല്ല ലോകമെങ്ങും ഭാരതത്തിന് ലഭിക്കുന്ന വലിയ പ്രാധാന്യവും സമാധാനത്തിന്റെ വക്താവ് എന്ന ഖ്യാതിയും നിത്യേന വര്‍ദ്ധിക്കുകയാണ്. മുന്‍കൂട്ടി തീരുമാനിക്കുക പോലും ചെയ്യാതെയാണ്, യുഎഇ പ്രസിഡന്റ് ഭാരതത്തില്‍ എത്തിയതും മോദിക്കൊപ്പം രണ്ടു മണിക്കൂര്‍ ചെലവിട്ടതും.
സൗദിയും പാകിസ്ഥാനും തുര്‍ക്കിയും ചേര്‍ന്ന് നാറ്റോ മാതൃകയില്‍ സൈനിക സഖ്യം ഉണ്ടാക്കിവരികയാണ്. യുഎഇ അടക്കം ഗള്‍ഫിലെ മറ്റൊരു രാജ്യവും ഇതിലില്ല. ഇപ്പോള്‍ ശത്രുപക്ഷത്തുള്ള സൗദി ഈ സഖ്യത്തിലുള്ളത് യുഎഇക്ക് ഭീഷണിയാണ്.
ഇറാനും യുഎസും തമ്മിലുള്ള പോരും ഗാസയിലെ വഷളാകുന്ന പ്രശ്‌നങ്ങളും എല്ലാം ഈ മേഖല നേരിടുന്ന പ്രതിസന്ധികളാണ്. ഇക്കാര്യങ്ങളില്‍ എന്തെങ്കിലും ചര്‍ച്ചകള്‍ നടന്നോയെന്ന് വെളിപ്പെടുത്തിയിട്ടില്ല.
വാണിജ്യ വ്യാപാരക്കരാറുകള്‍
2030 ഓടെ ഉഭയകക്ഷി വ്യാപാരം 20,000 കോടി ഡോളറില്‍ എത്തിക്കാന്‍ ഉതകുന്ന വിവിധ കരാറുകളില്‍ ഭാരതവും യുഎഇയും ഒപ്പിട്ടിട്ടുണ്ട്. കാര്‍ഷികോല്പന്നങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുക, ഭാരതത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ യുഎഇക്ക് കൂടുതല്‍ പങ്കാളിത്തം ലഭ്യമാക്കുക, ഗുജറാത്തില്‍ ഫസ്റ്റ് അബുദാബി ബാങ്ക്, ഡിപി വേള്‍ഡ് എന്നിവയുടെ ഓഫീസുകള്‍ തുറക്കുക, ആണവ സാങ്കേതിക വിദ്യ, എഐ എന്നിവയില്‍ സഹകരണം ശക്തമാക്കുക തുടങ്ങിയവയാണ് കരാറുകളിലുള്ളത്. പ്രതിരോധ രംഗത്ത് സഹകരണം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. 2028 മുതല്‍ പത്തു വര്‍ഷം കൊണ്ട് യുഎഇയിലെ അഡ്‌നോക്ക് ഗ്യാസില്‍ നിന്ന് 0.5 മില്ല്യന്‍ മെട്രിക് ടണ്‍ പ്രകൃതി വാതകം വാങ്ങാനും ഭാരതം തീരുമാനിച്ചു. പൊതുമേഖലാ സ്ഥാപനമായ എച്ച്പിസിഎല്‍ ആകും ഇത് വാങ്ങുക.
ഡിജിറ്റല്‍ എംബസികള്‍ ഇരുരാജ്യങ്ങളിലും സ്ഥാപിക്കും. കരാറുകള്‍ ഇരുരാജ്യങ്ങളെ സംബന്ധിച്ചും വളരെ പ്രധാനമാണ്. മാത്രമല്ല മാസങ്ങള്‍ക്കു മുന്‍പ് യുഎഇയും ഭാരതവും തമ്മില്‍ സ്വതന്ത്ര വ്യാപാരക്കരാറും ഒപ്പിട്ടിട്ടുണ്ട്. ഇതുവഴി ഭാരതത്തില്‍ നിന്ന് 99 ശതമാനം വസ്തുക്കളും തീരുവയില്ലാതെ യുഇഎയില്‍ വില്‍ക്കാം.
പത്ത് വര്‍ഷത്തിനിടെ അല്‍ നഹ്യാന്‍ നടത്തുന്ന അഞ്ചാമത്തെ ഭാരത സന്ദര്‍ശനമാണിതെന്നതും ചെറിയ കാര്യമല്ല. യുഎഇ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ മൂന്നാമത്തെ ഔദ്യോഗിക ഭാരത സന്ദര്‍ശനം കൂടിയാണിത്.
















