ന്യൂദല്‍ഹി: ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേ നിതിന്‍ നബിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. 45-ാം വയസില്‍ നിതിന്‍ നബിന്‍ പാര്‍ട്ടിയുടെ അമരത്തെത്തുമ്പോള്‍, മാറ്റത്തിന്റെ പുതിയൊരു ഘട്ടത്തിലേക്കാണ് ബിജെപി ചുവടുവെക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭാരതത്തിന്റെ ഏറ്റവും വലിയ കരുത്തായ യുവതലമുറയുടെ പ്രതീക്ഷകള്‍ക്കും അഭിലാഷങ്ങള്‍ക്കുമൊപ്പമാണ് ബിജെപി എന്ന യാഥാര്‍ത്ഥ്യമാണ് ഈ നേതൃമാറ്റത്തിലൂടെ ഒരിക്കല്‍ക്കൂടി വ്യക്തമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന കാഴ്ചപ്പാടുകള്‍ക്ക് കരുത്തേകുംവിധം തൊഴില്‍, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയൊരു വേഗവും ദിശാബോധവും നല്‍കാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിക്കും. മറ്റു പാര്‍ട്ടികള്‍ ജാതിയുടെയും വിഭജനത്തിന്റെയും രാഷ്‌ട്രീയത്തിന് മുന്‍ഗണന നല്‍കുമ്പോള്‍, പ്രവര്‍ത്തനമികവിന്റെയും വികസനത്തിന്റെയും രാഷ്‌ട്രീയമാണ് ബിജെപി മുന്നോട്ടുവെക്കുന്നത്.
വര്‍ഷങ്ങളോളം ഒരു സാധാരണ പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു നേടിയ അച്ചടക്കവും കഠിനാധ്വാനവും ഭാവിയെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുമാണ് നിതിന്റെ കരുത്ത്. വികസിത ഭാരതം, വികസിത കേരളം എന്നീ മഹത്തായ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനായി, അദ്ദേഹത്തിന്റെ കരുത്തുറ്റ നേതൃത്വത്തിന് കീഴില്‍ തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു.
















