തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിലെ പ്രതികളുടെ വീടുകകളിൽ ഇഡി റെയ്ഡ്. കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി ഇഡി പരിശോധന നടത്തുന്നത്. സ്വർണക്കവർച്ച കേസിലെ എല്ലാ പ്രതികളുടെയും വീടുകളിലും റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, എ പത്മകുമാര്‍, എൻ വാസു, മുരാരി ബാബു തുടങ്ങിയവരുടെ വീടുകളിലും ഗോവര്‍ധൻ, പങ്കജ് ഭണ്ഡാരി തുടങ്ങിയവരടക്കമുള്ളവരുടെ വീടുകളിലുമാണ് ഇന്ന് വ്യാപക റെയ്ഡ് ആരംഭിച്ചത്.
ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷൻസിലും ഇഡിയുടെ റെയ്ഡ് നടക്കുകയാണ്. ബെ ല്ലാരിയിലെ സ്വര്‍ണവ്യാപാരിയായ ഗോവര്‍ധന്റെ വീട്ടിലും ഇഡി സംഘം പരിശോധന നടത്തുന്നുണ്ട്. ഇന്ന് ഏഴ് മണിയോടെയാണ് വ്യത്യസ്ത കേന്ദ്രങ്ങളിൽ പരിശോധന ആരംഭിച്ചിരിക്കുന്നത്. അതിവിപുലമായ പരിശോധനയാണ് നടക്കുന്നത്.ഉണ്ണികൃഷ്ണൻ പോറ്റിയുടെ തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്തുള്ള വീട്ടിലും, മുരാരി ബാബുവിന്റെ കോട്ടയത്തെ വീട്ടിലും, എൻ വാസുവിന്റെ പേട്ടയിലെ വീട്ടിലും, എ പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലുമാണ് ഇഡി പരിശോധന ആരഭിച്ചിരിക്കുന്നത്.
ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളടക്കമാണ് ഇഡിയുടെ അന്വേഷണ പരിധിയിൽ വരുന്നത്. കേസിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ എസ്ഐടിയുടെ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിലാണ് കേസിലെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത്. കള്ളപ്പണം വെളുപ്പിക്കൽ അടക്കം നടന്നിട്ടുണ്ടോയെന്ന കാര്യത്തിലാണ് ഇഡി അന്വേക്ഷണം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട പരിശോധനയാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്.
















