കോഴിക്കോട്: ബസ്സിൽ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി കുടുംബം. ദീപക്കിനെ ഇന്നലെ രാവിലെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മരണത്തിൽ മെഡിക്കൽ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രക്കിടെ ബസിൽവെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ഇൻസ്റ്റഗ്രാം ഇൻഫ്ലൂവൻസറുടെ ആരോപണം.
ദീപക് തെറ്റ് ചെയ്തിട്ടില്ല. യുവതിയുടെ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ ദീപക് മനോവിഷമത്തിലായി എന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബം ആരോപിക്കുന്നു. തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് ദീപക് പറഞ്ഞിരുന്നതായും സുഹൃത്തുക്കള്‍ വ്യക്തമാക്കി. മരിച്ച ദീപക്കിന് നീതി കിട്ടാനായി ഏതറ്റം വരെയും പോകുമെന്നാണ് കുടുംബവും സുഹൃത്തുക്കളും പറയുന്നത്.
അതേസമയം സംഭവത്തിൽ യുവതിക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഈശ്വർ ഡിജിപിക്ക് പരാതി നൽകി. യുവതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിംഗും മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
















