തൃശ്ശൂര്‍: കലോത്സവവേദിയിലെ ഗോത്രകലാ മത്സരങ്ങളിലൊന്നായ ഇരുളനൃത്തം തങ്ങള്‍ക്ക് ദൈവികാനുഭവമായി മാറിയതിനെ കുറിച്ചാണ് വാളൂര്‍ നായര്‍ സമാജം സ്‌കൂളിലെ ഇരുളനൃത്ത സംഘത്തിന് പറയാനുള്ളത്. കഴിഞ്ഞ വര്‍ഷം മുതല്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ കലാരൂപവുമായി ഇത് രണ്ടാം തവണയാണ് ഈ സംഘം സംസ്ഥാന കലോത്സവത്തിലെത്തുന്നത്. തങ്ങളുടെ പരിശീലനവേളയില്‍ ഈ കലാരൂപത്തെ ആദ്ധ്യാത്മികതലത്തില്‍ കൂടി അനുഭവിക്കാന്‍ സാധിച്ചതിനെ കുറിച്ച് സംഘാംഗങ്ങള്‍ പറയുന്നു. പരിശീലന സമയത്ത് സംഘത്തിലെ ഒരു കുട്ടിക്ക് മുരുകബാധ കയറിയത്രെ. അത് ആ സന്ദര്‍ഭത്തെ ദൈവികമായ ഒരു തലത്തിലേക്കുയര്‍ത്തി. ആ കുട്ടിയുടെ മാനസികാവസ്ഥയെ കൃത്യമായി തിരിച്ചറിഞ്ഞ് മറ്റു വിദ്യാര്‍ത്ഥികള്‍ വേണ്ട പരിചരണങ്ങള്‍ നല്‍കുകയായിരുന്നു.
ഗോത്രവിഭാഗങ്ങളായ ഇരുള, കുറുമ്പ സമുദായക്കാര്‍ മരണവേളയിലും മറ്റ് ആഘോഷവേളകളിലും നടത്തിവരുന്ന അനുഷ്ഠാനമാണ് ഇരുളനൃത്തം. കലോത്സവവേദിയില്‍ ഈ നൃത്തം അവതരിപ്പിക്കുന്നവരില്‍ കൂടുതലും ഗോത്രേതര വിഭാഗങ്ങളില്‍ പെട്ട കുട്ടികളാണെങ്കിലും ആ സമുദായം സങ്കല്‍പിക്കുന്ന ദൈവിക ഭാവം തങ്ങള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്നു എന്നത് കലാവിഷ്‌കാരത്തിന്റെ സാഫല്യമാണ്.
അട്ടപ്പാടിയില്‍ നിന്ന് ഇരുളനൃത്ത കലാകാരന്മാരായ മുരുകന്‍, മുരുകേശന്‍ എന്നിവരടങ്ങുന്ന സംഘം വാളൂരിലെത്തിയാണ് കുട്ടികളെ അഭ്യസിപ്പിച്ചത്. അധ്യാപകരുടെയും പിടിഎയുടെയും വലിയ സഹകരണമാണ് ഇന്ന് ഈ കുട്ടികളെ 64 മത് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ ചുവടുവെക്കാന്‍ പ്രാപ്തരാക്കിയത്. ഇത്തവണ കഴിഞ്ഞവര്‍ഷത്തേക്കാള്‍ രണ്ട് വാദ്യോപകരണങ്ങള്‍ കൂടുതലായി ഇവര്‍ ഉപയോഗിച്ചു. ജാല്‍റ, തവില്‍, പറൈ, കൊകല്‍ എന്നിവയാണ് ഇരുള നൃത്തത്തിനായി ഉപയോഗിക്കുന്ന വാദ്യങ്ങള്‍. സംഘാംഗങ്ങള്‍ കാലില്‍ ചിലമ്പുമണിയുന്നു.
















