മുംബൈ : തങ്ങളുടെ പാർട്ടി മുംബൈയിൽ മേയറാകണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്ന് ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെ . ബിഎംസി തെരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“ഞങ്ങൾക്ക് മേയറാകാൻ ആവശ്യമായ അംഗസംഖ്യയില്ല, പക്ഷേ ഞങ്ങളുടെ പാർട്ടി മേയറാകണമെന്ന് ഞങ്ങൾ എപ്പോഴും ആഗ്രഹിച്ചിരുന്നു, ഇപ്പോഴും അങ്ങനെ തന്നെ. മറാത്തികളിൽ നിന്നും മറ്റ് സമുദായങ്ങളിൽ നിന്നും ഞങ്ങളുടെ പാർട്ടിക്ക് വോട്ടുകൾ ലഭിച്ചു. ഈ ജനവിധി ഞങ്ങൾ അംഗീകരിച്ചു. ജനങ്ങളോട് ഞങ്ങൾ നന്ദി പറയുന്നു. ഉത്തരേന്ത്യക്കാരും ഞങ്ങൾക്ക് വോട്ട് ചെയ്തു,” അദ്ദേഹം പറഞ്ഞു.
ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ഉൾപ്പെടെ മഹാരാഷ്‌ട്രയിലെ 29 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലം വെള്ളിയാഴ്‌ച്ചയാണ് പ്രഖ്യാപിച്ചത് . ബിജെപിയും ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന സഖ്യവും ഭൂരിപക്ഷം നേടി. 227 സീറ്റുകളിൽ 118 എണ്ണം ഇവർ നേടി. ബിഎംസിയുടെ നിയന്ത്രണം വീണ്ടെടുക്കാൻ ശിവസേന (യുബിടി) പ്രസിഡന്റ് ഉദ്ധവ് താക്കറെയും എംഎൻഎസ് മേധാവി രാജ് താക്കറെയും ഒന്നിച്ചുവെങ്കിലും അത് ഫലിച്ചില്ല.














