വാഷിങ്ടൺ: തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബൽ സമ്മാനം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമ്മാനിച്ച് വെനസ്വേല പ്രതിപക്ഷനേതാവും സമാധാന നൊബേൽ ജേതാവുമായ മരിയ കൊറിന മച്ചാഡോ. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ ട്രംപുമായി നടന്ന കൂടിക്കാഴ്ചയിലാണ് മച്ചാഡോ തനിക്ക് ലഭിച്ച മെഡൽ ട്രംപിന് സമ്മാനിച്ചത്. ഇരുവരും തമ്മിലുള്ള ചർച്ച ഒരു മണിക്കൂറിലധികം നീണ്ടു. ചർച്ച മികച്ചതായിരുന്നുവെന്ന് മച്ചാഡോ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ ചർച്ചയിൽ ഉൾപ്പെട്ട വിഷയങ്ങളെക്കുറിച്ച് വിശദീകരിക്കാൻ അവർ തയ്യാറായില്ല.
കാരക്കാസിലെ കനത്ത സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് യുഎസ് സേന മഡുറോയെയും ഭാര്യയെയും പിടികൂടിയതിന് പിന്നാലെ ദിവസങ്ങൾക്കുള്ളിലാണ് കൂടിക്കാഴ്ച നടന്നത്. മഡുറോയുടെ വൈസ് പ്രസിഡന്റ് ആയിരുന്ന ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസുമായി സഹകരിക്കാൻ ട്രംപും അദ്ദേഹത്തിന്റെ ഉന്നത ഉപദേഷ്ടാക്കളും സന്നദ്ധത അറിയിച്ചതിന് ശേഷമാണ് മച്ചാഡോയുമായുള്ള ചർച്ച നടന്നത്.
2002ൽ രാഷ്‌ട്രീയരംഗത്തേക്ക് കടന്നുവന്ന മരിയ കൊരീന മച്ചാഡോ, അലക്സാൻഡ്രോ പ്ലാസിനൊപ്പം പ്രവർത്തിച്ചാണ് രാഷ്‌ട്രീയത്തിൽ സജീവമായത്. പിന്നീട് വെന്റെ വെനസ്വേല പാർട്ടിയുടെ ദേശീയ കോർഡിനേറ്ററായ അവർ, 2012ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല. നിലവിൽ ദേശീയ അസംബ്ലി അംഗമായ മച്ചാഡോ വെനസ്വേലൻ പ്രതിപക്ഷത്തിന്റെ മുഖ്യശബ്ദങ്ങളിലൊന്നാണ്.
















