ആലപ്പുഴ: കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് കയര്‍ മേഖലയിലെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ഈ മാസം 30ന് സൂചന പണിമുടക്കും ധര്‍ണയും സംഘടിപ്പിക്കുന്നു.
ചേര്‍ത്തല ഷിപ്പേഴ്സ് കൗണ്‍സില്‍ ഓഫീസിന് മുന്നിലാണ് തൊഴിലാളികള്‍ മാര്‍ച്ചും പ്രതിഷേധ ധര്‍ണയും നടത്തുന്നത്. വേതന വ്യവസ്ഥകള്‍ പുതുക്കുക, തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ക്ഷേമനിധി കുടിശിക തീര്‍ക്കുക, കയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികളെയും ഇഎസ്ഐ, പിഎഫ് സ്‌കീമില്‍ ഉള്‍പ്പെടുത്തുക, കയര്‍ഫെഡും കയര്‍ കോര്‍പറേഷനും സംഘങ്ങള്‍ക്കും ചെറുകിട ഉല്‍പാദകര്‍ക്കും നല്‍കുവാനുള്ള കുടിശിക അടിയന്തരമായി നല്‍കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍.
പരമ്പരാഗത വ്യവസായമായ കയറിന്റെ സമഗ്ര വികസനത്തിന് 500 കോടി രൂപ അനുവദിക്കണമെന്നും ആവശ്യമുയര്‍ന്നു. സംയുക്ത സമരസമിതി ചെയര്‍മാന്‍ എ. കെ രാജന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ പി. വി. സത്യനേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബിനീഷ് ബോയ് (ബിഎംഎസ്), എസ്. രാജേന്ദ്രന്‍ (ഐഎന്‍ടിയുസി), സി.എസ്. രമേശന്‍ (യുടിയുസി), സലിം ബാബു, ഉദയഭാനു (ടിയുസിഐ) ഡി.പി. മധു, എസ്. പ്രകാശന്‍, കെ. എല്‍. ബെന്നി, കെ.എസ്. വാസന്‍, കെ.പി. പുഷ്‌കരന്‍ (എഐടിയുസി) എന്നിവര്‍ സംസാരിച്ചു. പ്രക്ഷോഭത്തിന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് സംയുക്ത നിവേദനം നല്‍കാനും തീരുമാനിച്ചു.
















