തൃശൂര്‍ : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇക്കുറി ലൈറ്റ് & സൗണ്ട് കമ്മിറ്റി ഏറ്റെടുത്തിരിക്കുന്നത് ദേശീയ അധ്യാപക പരിഷത്താണ്. കലോത്സവ നടത്തിപ്പില്‍ പ്രധാനപ്പെട്ട കമ്മിറ്റികളില്‍ ഒന്നാണിത്.
25 വേദികളിലും 20 അക്കോമഡേഷന്‍ കേന്ദ്രങ്ങളിലും ഭക്ഷണശാലകളിലും കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട മറ്റ് കമ്മിറ്റികളുടെ ഓഫീസുകളിലും ഘോഷയാത്രകളിലും എല്ലാം ശബ്ദ – വെളിച്ച സംവിധാനം ഏര്‍പ്പെടുത്താന്‍ വേണ്ട വ്യവസ്ഥകള്‍ ചെയ്തു കഴിഞ്ഞു. ഇതിനായുള്ള മുഴുവന്‍ വൈദ്യുതിയും ജനറേറ്റര്‍ ഉപയോഗിച്ചാണ് ലഭ്യമാക്കുന്നത്.
ഓരോ വേദിയിലും അവശ്യഘട്ടത്തില്‍ ഉപയോഗിക്കാനായി അഡീഷണലായി ജനറേറ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ വേദികളിലും അക്കോമഡേഷന്‍ കേന്ദ്രങ്ങളിലും ഓപ്പറേറ്റര്‍മാര്‍ കൂടാതെ രണ്ട് ലൈറ്റ് & സൗണ്ട് കമ്മിറ്റി അംഗങ്ങള്‍ ഡ്യൂട്ടിയിലുണ്ടാവും. അംഗീകൃത സൗണ്ട് എന്‍ജിനീയര്‍മാര്‍ പരിശോധിച്ച് ശബ്ദസംവിധാനം പര്യാപ്തമാണെന്ന് ഉറപ്പ് വരുത്തും.
ഇത്തവണത്തെ കലോത്സവത്തിന്റെ ആപ്തവാക്യം ‘ഉത്തരവാദിത്വ കലോത്സവം’ എന്നതാണ്. അത് സാര്‍ത്ഥകമാക്കി കൊണ്ട് ശബ്ദ മലിനീകരണം സംഭവിക്കുന്നില്ലെന്ന് ഡോക്ടറുടെ സഹായത്തോടെ ഉറപ്പ് വരുത്തും.
പന്ത്രണ്ടാം തീയതി വൈകുന്നേരത്തോടെ എല്ലാ സംവിധാനവും പൂര്‍ണമാവും. 13 ന് വൈകുന്നേരം 6 മണിക്ക് ജനപ്രതിനിധികള്‍ പങ്കെടുത്തു കൊണ്ട് സ്വിച്ച് ഓണ്‍ കര്‍മം നടക്കും.
















