പാലക്കാട്: പോലീസിന് ലഭിച്ച മൂന്നാമത്തെ പരാതിയിലാണ് ഇപ്പോൾ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ക്രൂരമായ ബലാത്സംഗവും നിർബന്ധിത ഗർഭഛിദ്രവും സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ചാണ് പരാതി. പത്തനംതിട്ട തിരുവല്ല സ്വദേശിനിയാണ് പരാതിക്കാരിയെന്നാണ് സൂചന. ഇവർ ഇ-മെയിൽ വഴി നൽകിയ പരാതിയിലാണ് പ്രത്യേക പോലീസ് സംഘം രാഹുലിനെ അറസ്റ്റ് ചെയ്തത്.
ഹോട്ടലിൽവെച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. പാലക്കാട്ടെ കെപിഎം റീജൻസി ഹോട്ടലിൽ നിന്നും ഞായറാഴ്ച പുലർച്ചെ 12.30-ഓടെയാണ് പോലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. അതേസമയം, യുവതിയുമായുള്ള ബന്ധം രാഹുല്‍ നിഷേധിച്ചിട്ടില്ല. എങ്കിലും നടന്നത് പീഡനമല്ലെന്നാണ് രാഹുലിന്റെ വാദം. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് യുവതിയുമായി ഉണ്ടായിട്ടുള്ളതെന്നും രാഹുല്‍ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്‍കി. പത്തനംതിട്ട എആര്‍ ക്യാമ്പിലാണ് രാഹുലിന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.
മൂന്നാം പരാതിയില്‍ ബലാത്സംഗത്തിന് പുറമേ നിര്‍ബന്ധിത ഗര്‍ഭഛിദ്രവും സാമ്പത്തിക ചൂഷണവും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണുള്ളത്. മൂന്ന് ആരോപണങ്ങളേയും സാധൂകരിക്കുന്ന ശക്തമായ തെളിവുകളും പരാതിക്കാരി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി. ഭ്രൂണഹത്യയ്‌ക്ക് ശേഷമുള്ള മെഡിക്കല്‍ രേഖകള്‍, ഭ്രൂണഹത്യയ്‌ക്ക് ശേഷമുള്ള സാമ്പിള്‍, സാമ്പത്തിക ചൂഷണത്തിനും മറ്റുമുള്ള ഡിജിറ്റല്‍ തെളിവുകള്‍ എന്നിവയാണ് പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചത്. മുമ്പ് രാഹുലിനെതിരെ ഉയര്‍ന്ന രണ്ട് പരാതികളെ അപേക്ഷിച്ച് നേരിട്ടുള്ള കൂടുതല്‍ തെളിവുകള്‍ ഉള്ള കേസായതിനാല്‍ തന്നെ എംഎല്‍എയ്‌ക്ക് കുരുക്ക് മുറുകുകയാണ്.
















